ഭീതി പടര്‍ത്തി കുറുവാ സംഘം; ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചു

ആലപ്പുഴയില്‍ കുറുവാ സംഘത്തിന്റെ ഭീതി തുടരുന്നു. പുന്നപ്രയില്‍ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചു. ഇന്നലെ അര്‍ധരാത്രി 12 മണിയോടെയായിരുന്നു മോഷണം. അമ്മയുടെ ഒന്നരപ്പവന്റെയും കുഞ്ഞിന്റെ അരപ്പവനോളം വരുന്ന മാലയുമാണ് മോഷണം പോയത്. മുഖം മറച്ചെത്തിയ ആളെ കണ്ടുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. മോഷണം നടന്ന വീട് ഉള്‍ പ്രദേശത്തായതിനാല്‍ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടില്ല. വിഷയത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

മണ്ണഞ്ചേരി കോമളപുരത്ത് കഴിഞ്ഞ ദിവസം രാത്രി രണ്ട് വീടുകളില്‍ കുറുവ സംഘം മോഷണം നടത്തി. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കുറുവാ സംഘമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മണ്ണഞ്ചേരി കോമളപുരത്തുമായി നിരവധി വീടുകളില്‍ മോഷണത്തിന് എത്തിയതായാണ് പോലീസ് കണ്ടെത്തല്‍.കരീലകുളങ്ങര ഭാഗങ്ങളിലും കുറവാ സംഘം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഒക്ടോബര്‍ 30ന് നേതാജിയില്‍ ജംഗ്ഷനിലും കുറുവാ സംഘത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.