യു എസ് സെനറ്റ് തിരികെ പിടിച്ച് റിപ്പബ്ലിക്കന്‍സ്, ട്രംപ് അധികാരത്തിലേക്ക്

അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായ കമല ഹാരിസിനെ പരാജയപ്പെടുത്തി ട്രംപ് അധികാരത്തിലേക്ക്. 277 ഇലക്ടറല്‍ വോട്ട് നേടിയാണ് ട്രംപിന്റെ മുന്നേറ്റം. 226 ഇലക്ടറല്‍ വോട്ടുകളാണ് കമല ഹാരിസ് നേടിയത്. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടി. ജെഡി വാന്‍സ് വൈസ് പ്രസിഡന്റാകും.

അമേരിക്കന്‍ ചരിത്രത്തില്‍ തോല്‍വിക്ക് ശേഷം തിരിച്ചെത്തുന്ന രണ്ടാമത്തെ പ്രസിഡന്റായി 78കാരനായ ഡോണള്‍ഡ് ട്രംപ് മാറുന്നു.
വിജയ സന്തോഷം പങ്കുവെക്കാന്‍ ട്രംപ് ഫ്ളോറിഡയിലേയ്ക്ക് തിരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍ ട്രംപ് ഉടന്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.അതേസമയം, ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ കമല ഹാരിസ് ഇന്ന് അനുയായികളെ അഭിസംബോധന ചെയ്യില്ല. വ്യാഴാഴ്ച കമല ഹാരിസ് തന്റെ അണികളെ അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമായ സ്വിംഗ് സ്റ്റേറ്റുകളില്‍ മുന്നേറാന്‍ സാധിച്ചതോടെ ട്രംപിന് വീണ്ടും അധികാരത്തില്‍ കയറാന്‍ തുണക്കുകയായിരുന്നു. അരിസോന, നെവാഡ, ജോര്‍ജിയ, നോര്‍ത്ത് കാരോലൈന, പെന്‍സില്‍വേനിയ, മിഷിഗന്‍, വിസ്‌കോന്‍സെന്‍ എന്നിവയാണ് സ്വിങ് സ്റ്റേറ്റുകള്‍.

സര്‍വേ ഫല പ്രകാരം ഇവിടെ കമലയും ട്രംപും ഒപ്പത്തിനൊപ്പം ആണെന്നാണ് വിലയിരുത്തിയിരുന്നത്.