സന്ദര്‍ശക, ടൂറിസ്റ്റ് വീസ നിയമം പുതുക്കിയതിന് പിന്നാലെ, വീസ പുതുക്കാന്‍ 30 ദിവസത്തെ ഇടവേള ഏര്‍പ്പെടുത്തി ദുബയ്. ദുബായ് വീസ കാലാവധി കഴിയുന്നവര്‍ മറ്റു രാജ്യങ്ങളിലെ വിമാനത്താവളത്തിലെത്തി, പുതുക്കിയ വീസയുമായി അന്നുതന്നെ ദുബായില്‍ മടങ്ങിയെത്തുന്നതിനുണ്ടായ സൗകര്യമാണ് ദുബായ് താല്‍ക്കാലികമായി അവസാനിപ്പിച്ചത്. അതേസമയം, യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്നുള്ള വീസക്കാര്‍ക്ക് നിലവിലെ സൗകര്യം ലഭ്യമാകുന്നുണ്ട്.ദുബായ് വീസ പുതുക്കുന്നതിന്റെ ഭാഗമായി മറ്റു രാജ്യങ്ങളില്‍ എത്തിയവരുടെ അപേക്ഷകള്‍ നിരസിച്ചതായി ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. അതേസമയം, രാജ്യം വിടാതെ തന്നെ രണ്ടു തവണ വീസ പുതുക്കാനുള്ള സൗകര്യവും ദുബായിലുണ്ട്. യുഎഇയില്‍ നിന്നുകൊണ്ട് ഒരു മാസത്തെ വീസ പുതുക്കുന്ന പണമുണ്ടെങ്കില്‍ രണ്ടു മാസത്തെ വീസയുമായി മടങ്ങാം എന്നതാണ്, മറ്റു രാജ്യങ്ങളിനേക്ക് സന്ദര്‍ശകരെ പ്രേരിപ്പിക്കുന്നത്. കീഷിം, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കാണ് വീസ പുതുക്കല്‍ വ്യവസ്ഥ പാലിക്കാനായി വിദേശികള്‍ പോകുന്നത്. ദുബായ് വിമാനത്താവളത്തില്‍ നിന്ന്
എക്‌സിറ്റ് അടിക്കുന്നതിനു പിന്നാലെ, വീസ പുതുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാകും. പുതുക്കിയ വീസയുമായി വീണ്ടും യുഎഇയിലേക്കു മടങ്ങുന്നതായിരുന്നു രീതി.എന്നാല്‍, കഴിഞ്ഞ രണ്ടാഴ്ചയായി ഇത്തരത്തില്‍ പുതുക്കാന്‍ പോയ ദുബായ് വീസക്കാര്‍ക്ക് പുതിയ വീസ ലഭിച്ചില്ല. സ്വന്തം രാജ്യത്തു നിന്നു മാത്രമേ ഇവര്‍ക്ക് തിരികെ വീസ പുതുക്കി വരാന്‍ കഴിയൂ. പുതിയ വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍ 30 ദിവസത്തിനു ശേഷമാണ് അനുമതി ലഭിക്കുന്നതെന്ന് ട്രാവല്‍ കമ്പനികള്‍ അറിയിച്ചു.
ഒരാഴ്ച മുന്‍പാണ് സന്ദര്‍ശക വീസയുടെ കാര്യത്തില്‍ ദുബായ് പരിഷ്‌കാരം ഏര്‍പ്പെടുത്തിയത്. സന്ദര്‍ശക വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ താമസസ്ഥലത്തിന്റെ വിവരവും മടക്കയാത്ര ടിക്കറ്റും നല്‍കണം. അല്ലാത്ത അപേക്ഷകള്‍ നിരസിക്കും. സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ വീസ നിയമം ലംഘിച്ചു രാജ്യത്തു തുടരുന്ന സംഭവങ്ങള്‍ ഒഴിവാക്കാനുള്ള നടപടികളുടെ ഭാഗമാണിത്. പൊതുമാപ്പ് പൂര്‍ത്തിയാകാന്‍ ഒരു മാസമാണ് ബാക്കിയുള്ളത്.