മടവൂർ: ഹോട്ടലിൽ നിന്നുള്ള ആഹാര സാധനങ്ങൾ കഴിച്ച തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതിനെ തുടന്ന് മടവൂർ ജങ്ഷനിൽ പോസ്റ്റ് ഓഫീസിന് സമീപം പ്രവർത്തിച്ചു വന്ന ഹൈറേഞ്ച് ടേസ്റ്റി പൊരിപ്പുകട എന്ന ഹോട്ടൽ ആരോഗ്യ വകുപ്പ് പൂട്ടിച്ചു. ഹോട്ടൽ ലൈസൻസ് പുതുക്കുകയോ, പ്രവർത്താനുമതിയ്ക്ക് വേണ്ട പരിശോധനകൾ പൂർത്തിയാക്കുകയോ ചെയ്തിരുന്നില്ലെന്ന് പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. ബുധനാഴ്ച വൈകിട്ട് ഇവിടെ നിന്നും വാങ്ങിയ ഭക്ഷണ സാധനങ്ങൾ കഴിച്ച ഒൻപത് പേർക്കാണ് ചർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. ഇവർ വ്യാഴാഴ്ച രാവിലെ മടവൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പരിശോധനയിൽ ഭക്ഷ്യവിഷബാധ ലക്ഷണങ്ങൾ ഡോക്ടർ സ്ഥിരീകരിച്ചിരുന്നു. കൂടുതൽ ബുദ്ധിമുട്ടുകൾ കണ്ടതോടെ മടവൂർ കുറിച്ചി സ്വദേശികളായ സാവിത്രി(60), ഷീജ(48) എന്നിവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന് വൈകിട്ട് ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിൽ ഹോട്ടലിൽ എത്തി പരിശോധന നടത്തിയ ശേഷം പൂട്ടിയിടാൻ നിർദേശം നൽകുകയായിരുന്നു.