ശബരിമല തീർത്ഥാടർക്ക് ഇനി ‘സ്വാമി ചാറ്റ് ബോട്ട്’ സഹായവും; വിവരങ്ങളെല്ലാം എ‍.ഐ വഴി കിട്ടും, അതും ആറ് ഭാഷകളിൽ

ശബരിമലയിൽ എത്തുന്ന ഭക്തർക്കായി ജില്ലാ ഭരണകൂടത്തിന്റെ ‘സ്വാമി ചാറ്റ് ബോട്ട്’ വരുന്നു. പുതിയ എ.ഐ അസിസ്റ്റന്റിന്റെ ലോഗോ അനാവരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

സ്മാർട്ട് ഫോൺ ഇന്റർഫേസിലൂടെ ഈ ചാറ്റ് ബോക്സ് ആക്സസ് ചെയ്യാൻ സാധിക്കും. സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്,ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളിൽ സേവനം ലഭിക്കും. എന്തെല്ലാം കാര്യങ്ങൾ അറിയാൻ സാധിക്കും ചാറ്റ് ബോക്സ് വഴി എന്ന് പരിശോധിക്കാം.

നടതുറപ്പ്, പൂജാസമയം, അടുത്തുള്ള വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, പോലീസ് സ്റ്റേഷൻ, ഫോറസ്റ്റ് ഓഫീസ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങൾ എല്ലാം സ്വാമി ചാറ്റ് ബോട്ടിലൂടെ അറിയാൻ സാധിക്കും. മാത്രമല്ല, അപകട രഹിതവും കൃത്യവുമായ തീർത്ഥാടന അനുഭവം ഭക്തർക്ക് ഉറപ്പ് വരുത്താൻ ഇതിലൂടെ സാധിക്കും എന്നാണ് സർക്കാർ കണക്ക്കൂട്ടുന്നത്.

ആധുനികമായ ഈ ഡിജിറ്റൽ സംവിധാനത്തിന്റെ പ്രവർത്തനത്തിലൂടെ ശബരിമല യാത്ര കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാക്കി സേവനങ്ങൾ ഭക്തർക്ക് എത്രയും വേഗം എത്തിക്കാനാവുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മുത്തൂറ്റ് ഗ്രൂപ്പിൻ്റെ സഹകരണത്തോടെയാണ് സംവിധാനം ഒരുക്കിയത്. സേവനം എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിനായി വാട്ട്‌സ്ആപ്പ് നമ്പർ, അല്ലെങ്കിൽ QR കോഡ് ഉപയോഗിക്കാം.

ചാറ്റ്ബോട്ട് ആറ് ഭാഷകളിൽ പ്രവർത്തിക്കുന്നതിനാൽ ശബരിമലയിൽ എത്തുന്നവർക്ക് വലിയ രീതിയിൽ ഉപകാരപ്പെടും. അതിനിടെ, ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ആഹാരസാധനങ്ങളുടെ വില ഏകീകരിച്ചു. മെഷീൻ ചായ/കോഫി, ബേക്കറി സാധനങ്ങൾ, ജ്യൂസുകൾ എന്നിവയ്ക്ക് അദിക വില ഈടാക്കാൻ സാധിക്കില്ല. പത്തനംതിട്ട ജില്ലാ കലക്ടറാണ് വില നിശ്ചയിച്ചിരിക്കുന്നത്