തോട്ടിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർ തൂങ്ങിക്കിടന്നു, തെങ്ങിൽ തടഞ്ഞ് യാത്രക്കാരൻ്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മരുതൂര്‍ തോടിൽ ഓട്ടോറിക്ഷ മറിഞ്ഞ് കാണാതായ കല്ലയം പ്ലാവിള സ്വദേശി വിജയന്‍റെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്റര് അകലെ തെങ്ങിൻ്റെ തടിയിൽ ത‍ടഞ്ഞ് നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് അപകടം ഉണ്ടായത്. 
എംസി റോഡിന് സമീപത്തായിരുന്നു അപകടം. കനത്ത മഴയും മലവെള്ളപ്പാച്ചിലും മൂലം മരുതൂര്‍ തോട് നിറഞ്ഞൊഴുകുന്ന അവസ്ഥയിലായിരുന്നു. തോടിനോട് ചേർന്ന റോഡിലൂടെ ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്നു വിജയൻ. നിയന്തണം തെറ്റി ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു. ഒരു വള്ളിയിൽ പിടിച്ചു കിടന്ന ഡ്രൈവർ സുരേഷിനെ നിലവിളി കേട്ടെത്തി നാട്ടുകാർ രക്ഷപ്പെടുത്തി. ഓട്ടോറിക്ഷ പൂർണമായി തകർന്നു. ഓട്ടോയിൽ യാത്രക്കാരൻ ഉണ്ടായിരുന്ന കാര്യം സുരേഷ് അറിയിച്ചതോടെയാണ് തിരച്ചിൽ തുടങ്ങിയത്. ഇന്നലെരാത്രി വൈകിയും വിജയനെ കണ്ടെത്താനായില്ല. 

ഇന്ന് രാവിലെ സ്കൂബ ഡൈവിംഗ് ടീമും സ്ഥലത്തെത്തി. ഇതിനിടെയാണ് അപകടം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെ മലപ്പരിക്കോണം ഭാഗത്ത് തെങ്ങിൻ തടിയിൽ തങ്ങി നില്‍ക്കുന്ന തരത്തിൽ മൃതദേഹം കണ്ടത്. അഗ്മി ശമന സേനയുടെയും മണ്ണന്തല പൊലീസിന്‍രെയും നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിച്ചു.