നിയമലംഘനങ്ങൾ നടത്തി ചീറിപ്പായുന്നവർ ശ്രദ്ധിക്കുക. പ്രശ്നങ്ങൾ പരിഹരിച്ച് എഐ ക്യാമറകൾ വീണ്ടും സജീവമായി. മൊബൈലിൽ സംസാരിച്ചും സീറ്റ് ബെൽറ്റ് ഇടാതെയും ഹെൽമറ്റ് ധരിക്കാതെയും ചുവപ്പ് സിഗ്നൽ അവഗണിച്ച് വാഹനം പായിക്കുന്നവർക്കും മൊബൈലുകളിൽ പിഴ വീണ്ടും വന്നു തുടങ്ങി. ഇത് 7 ദിവസത്തിനകം അടച്ചില്ലെങ്കിൽ കോടതിക്ക് കൈമാറും. ഇക്കാര്യവും അറിയിപ്പായി വാഹന ഉപഭോക്താവിന് ലഭിക്കും. ഇടക്കാലത്ത് മന്ദഗതിയിലായിരുന്ന എഐ ക്യാമറകളാണ് വീണ്ടും സജീവമായി പിഴ ചുമത്തി തുടങ്ങിയത്. മുൻപ് ഉണ്ടായിരുന്ന ക്യാമറകൾക്ക് ഒപ്പം നഗരത്തിൽ പലയിടങ്ങളിലും പുതിയ ക്യാമറകളും പ്രവർത്തനം തുടങ്ങി. ക്യാമറകൾ പകർത്തുന്നില്ലെന്ന ധൈര്യത്തിൽ നിയമലംഘനം നടത്തി കറങ്ങി നടന്നവർക്കും കഴിഞ്ഞ ദിവസങ്ങളിലായി മൊബൈലിൽ പിഴ നോട്ടിസ് വന്നു തുടങ്ങിയതോടെയാണ് ക്യാമറ പ്രവർത്തനം പുനരാരംഭിച്ചതായി വ്യക്തമായത്. 500 രൂപയാണ് പിഴ ചുമത്തുന്നത്. എസ്എംഎസ് ആയി മൊബൈലിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ കേന്ദ്രസർക്കാരിന്റെ എംപരിവാഹൻ സൈറ്റിൽ എത്തും. ഇതിൽ ചെല്ലാൻ നമ്പർ ടൈപ്പ് ചെയ്തു നൽകിയാൽ മൊബൈലിൽ ഒടിപി വരും. ഇതിൽ കൊടുത്ത് കഴിഞ്ഞാൽ ഓൺലൈനായി പിഴ അടച്ച് രസീത് ഡൗൺലോഡ് ചെയ്ത് എടുക്കാം. നേരിട്ട് ആർടി ഓഫിസുകളിൽ പോയും പിഴ അടയ്ക്കാം. പിഴ എസ്എംഎസ് ലഭിച്ച് 7 ദിവസത്തിനകം ഇത് അടയ്ക്കാത്തവരുടെ നിയമലംഘനങ്ങളാണ് വെർച്വൽ കോടതിയിലേക്ക് കൈമാറുന്നത്.
ചിലർക്ക് പിഴ അറിയിപ്പും വെർച്വൽ കോടതി അറിയിപ്പും ഒരേ ദിവസം വരുന്നതായി പരാതികൾ ഉണ്ട്. പിഴ അറിയിപ്പുകൾ വൈകി ലഭിക്കുന്നതിനാൽ ഇത് അടയ്ക്കാൻ സാധിക്കാത്തവരും ഒട്ടേറെയാണ്. പലർക്കും പിഴ അടയ്ക്കാനുള്ള 7 ദിവസത്തെ സമയപരിധിക്കു ശേഷമാണ് എസ്എംഎസ് ലഭിക്കുന്നത്. ലിങ്കിൽ കയറി തുക അടയ്ക്കാൻ ശ്രമിക്കുമ്പോൾ കോടതിക്കു കൈമാറിയെന്ന അറിയിപ്പാണ് ലഭിക്കുന്നത്. തങ്ങളുടേതല്ലാത്ത പ്രശ്നത്തിൽ ഇങ്ങനെ പിഴ അടയ്ക്കാനായി കോടതിയിലേക്ക് പോകേണ്ടി വരുന്നവരും കുറവല്ല. കെൽട്രോണിന് നൽകാനുള്ള തുക സർക്കാർ കൈമാറിയതോടെയാണ് വീണ്ടും എഐ ക്യാമറകൾ വീണ്ടും ഓൺ ആയത്. എഐ ക്യാമറകൾ സജീവമായെങ്കിലും നിരീക്ഷണത്തിന് ഉൾപ്പെടെ പൊലീസ് സ്ഥാപിച്ച പഴയ ക്യാമറകൾ ഇപ്പോഴും പണിമുടക്കിലാണ്. നഗരത്തിലെ ഭൂരിപക്ഷം ക്യാമറകളും പ്രവർത്തനരഹിതമാണ്. അറ്റകുറ്റപ്പണിക്കായുള്ള കരാർ പുതുക്കാത്തതാണ് കാരണം. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിൽ സ്ഥാപിച്ച ക്യാമറകൾ വഴിയാണ് ഇപ്പോൾ നിരീക്ഷണം. നിലവിൽ ഇരുനൂറിലധികം ക്യാമറകളാണ് അറ്റകുറ്റപ്പണിയില്ലാതെ കിടക്കുന്നത്.