എസ് എസ് കെ യുടെ ഭാഗമായുള്ള പഠന പോഷണ പരിപാടിയായ ഹെൽപ്പിംഗ് ഹാൻഡ് പ്രോജക്ട് തോന്നയ്ക്കൽ സ്കൂളിലും നടക്കുകയാണ്. കുട്ടികളിലെ ഭക്ഷണശീലങ്ങളും ആരോഗ്യപ്രശ്നങ്ങളും ആണ് പ്രോജക്ടിന്റെ വിഷയം. ഈ പ്രോജക്റ്റിന്റെ ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങളിൽ ഒന്നാണ് നല്ല ആഹാരത്തെക്കുറിച്ചും ആഹാര രീതികളെ കുറിച്ചും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പ്രദർശനം. ഈ പ്രദർശനത്തിനായി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയിലെ കുട്ടികൾ നൂറോളം പോസ്റ്ററുകൾ തയ്യാറാക്കി. ഈ പോസ്റ്ററുകളുടെ പ്രദർശനവും നല്ല ആഹാര ശീലങ്ങളെ കുറിച്ച് ജീവശാസ്ത്ര വിഷയ ക്ലബും ഹിന്ദി വിഷയ ക്ലബും തയ്യാറാക്കിയ ആരോഗ്യകരമായ ഭക്ഷണങ്ങളുടെ പ്രദർശനവും നവംബർ 22 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. രക്ഷിതാക്കൾക്കായുള്ള ഈ ബോധവൽക്കരണ പ്രദർശനം സ്കൂളിന്റെ പിടിഎ വൈസ് പ്രസിഡന്റ് തോന്നയ്ക്കൽ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ബിന്ദു എൽ എസ് , സ്റ്റാഫ് സെക്രട്ടറി ബീന എസ് , ഹെൽപ്പിംഗ് ഹാൻഡ് കോഡിനേറ്റർ നിസാർ അഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രദർശന ഉദ്ഘാടനം നടന്നത്. യുപി, ഹൈസ്കൂൾ വിഭാഗത്തിലെ രക്ഷിതാക്കൾ പങ്കെടുക്കുകയും കുട്ടികളുടെ ഭക്ഷണക്രമത്തിൽ വേണ്ട മാറ്റങ്ങൾ ഉൾക്കൊള്ളുകയും ചെയ്തു. ഇത്തരം പ്രവർത്തനങ്ങളിലൂടെ ഈ പ്രോജക്ടിനെ അതിന്റെ ലക്ഷ്യമായ ആരോഗ്യകരമായ സമൂഹം എന്നതിലേക്ക് എത്തിക്കുക എന്നുള്ള ദൗത്യമാണ് സ്കൂൾ ഏറ്റെടുത്തിരിക്കുന്നത്.