*ചരിത്രത്തില്‍ ആദ്യമായി റബ്ബര്‍ വില്‍പ്പന നിര്‍ത്തിവയ്ക്കൽ സമരവുമായി കര്‍ഷകര്‍* .

റബ്ബര്‍ വില 200 രൂപ കടക്കുന്നതുവരെ വില്‍പ്പന നിര്‍ത്തിവയ്ക്കാൻ ഉത്പാദകസംഘങ്ങളുടെ ദേശീയക്കൂട്ടായ്മ കര്‍ഷകരെ ആഹ്വാനം ചെയ്യും.

കൂടിയവിലയ്ക്ക് അന്താരാഷ്ട്ര ചരക്ക് വാങ്ങിയുണ്ടായ നഷ്ടം നികത്താന്‍ ടയര്‍ കമ്പനികള്‍ തദ്ദേശീയ റബ്ബറിന്റെ വില ഇടിക്കുകയാണെന്ന് എന്‍.സി.ആര്‍.പി.എസ്. ദേശീയ പ്രസിഡന്റ് വി.വി. ആന്റണി, ജനറല്‍ സെക്രട്ടറി ബാബു ജോസഫ് എന്നിവര്‍ പറഞ്ഞു.

വന്‍തോതില്‍ റബ്ബര്‍ ഇറക്കുമതി ചെയ്ത് കമ്പനികള്‍ ഗോഡൗണുകള്‍ നിറച്ചിരിക്കുകയാണ്. കര്‍ഷകരില്‍നിന്ന് റബ്ബര്‍ സംഭരിച്ച് വിപണിയില്‍ ഇടപെടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. അടിയന്തരമായി റബ്ബര്‍ സംഭരണം പുനരാരംഭിക്കണം. ഇതിന് സന്നദ്ധമല്ലെങ്കില്‍ ഉത്തേജക പാക്കേജിലെ അടിസ്ഥാനവില 250 രൂപയായി ഉയര്‍ത്തണം.

ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് 5-10 ശതമാനം വരെയുള്ള ഇറക്കുമതിത്തീരുവയില്‍ കോമ്പൗണ്ട് റബ്ബര്‍ ഇറക്കി ടയര്‍ കമ്പനികള്‍ സര്‍ക്കാരിനെയും കര്‍ഷകരെയും ഒരുപോലെ വഞ്ചിക്കുകയാണെന്നും എന്‍.സി.ആര്‍.പി.എസ്. ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

സമരത്തിന്റെ പ്രചാരണാര്‍ത് സംസ്ഥാനത്ത് നവംബറില്‍ റബ്ബര്‍ ബോര്‍ഡ് റീജണുകളുടെ കിഴിലുള്ള ഉത്പാദകസംഘങ്ങളെ പങ്കെടുപ്പിച്ച് കണ്‍വെന്‍ഷനുകള്‍, വാഹനജാഥ എന്നിവ നടത്തും. ഡിസംബറില്‍ എറണാകുളം കാക്കനാട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഓഫീസിനു മുന്‍പില്‍ ധര്‍ണ നടത്തും.

അതേസമയം റബര്‍ വില ഇടിയുന്നതിനിടെ റബര്‍ കായിന്റെ വില സര്‍വകാല റെക്കാഡില്‍. ഒരു കിലോ കുരുവിന്റെ വില 200 മുതല്‍ 250 രൂപ വരെ എത്തി. കൂടിയ വില നല്‍കിയിട്ടും ആവശ്യത്തിനു കായ് കിട്ടാനില്ല. കാലാവസ്ഥയില്‍ വന്ന മാറ്റം ഇൗ വര്‍ഷം റബര്‍ കുരു ഉത്പാദനം കുറച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇപ്രാവശ്യം നാലിലൊന്നു പോലും ശേഖരിക്കാനായിട്ടില്ല.

കിഴക്കന്‍ മലയോര മേഖലയിലാണ് ലക്ഷങ്ങളുടെ വ്യവസായം നടക്കുന്നത്. കാലം തെറ്റിയതും കനത്ത മഴയുമാണ് ഇക്കുറി കുരു ഉത്പാദനത്തെ ബാധിച്ചത്. സീസണ്‍ കാലമാകുമ്പോഴേക്ക് കുരു മൂക്കുകയും ഉണങ്ങുകയും ചെയ്യും. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തില്‍ പൊട്ടുകയാണ് ചെയ്യുക. എന്നാല്‍ ഇൗ വര്‍ഷം മരത്തില്‍ തന്നെ ആവശ്യത്തിന് കുരു കായ്ച്ചിട്ടില്ല. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഉണ്ടായ അതിവര്‍ഷം കുരു ഉണക്കത്തെ ബാധിച്ചു. വര്‍ഷത്തില്‍ ഏറിയാല്‍ ഒരു മാസമാണ് റബര്‍ കുരു ശേഖരണവും വിപണനവും നടക്കുന്നത്.

സാധാരണ ഓഗസ്റ്റ് അവസാനം തുടങ്ങി സെപ്റ്റംബര്‍ അവസാനം വരെയാണ് റബര്‍കുരു ശേഖരണകാലം. ഇക്കാലത്ത് കുരു ശേഖരിക്കാന്‍ കുട്ടികളും വൃദ്ധന്മാരുമടക്കം തോട്ടങ്ങളില്‍ കയറും. കഴിഞ്ഞ വര്‍ഷം കൂടിയ വില ഒരു കിലോക്ക് അമ്പത് രൂപ വരെയാണ് ലഭിച്ചത്. സീസണ്‍ കാലത്ത് പ്രദേശത്ത് കുരു ശേഖരണത്തിന് വ്യാപാരികള്‍ മുന്നിട്ടിറങ്ങും. ഇതര സംസ്ഥാനങ്ങളിലേക്കാണ് റബര്‍ കുരു പ്രധാനമായും കയറ്റിയയക്കുന്നത്. അവിടങ്ങളില്‍ റബര്‍ കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നഴ്‌സറിയുണ്ടാക്കാനാണ് കുരു ഉപയോഗിക്കുന്നത്.

നേരത്തെ കോട്ടയം ജില്ലയില്‍നിന്ന് തൈകള്‍ ഇവിടങ്ങളിലേക്ക് കയറ്റിപ്പോയിരുന്നു..കൂരു നേരിട്ടെത്തിക്കാന്‍ തുടങ്ങിയതോടെ ഡിമാന്‍ഡ് കൂടി. ഏറ്റവും മുന്തിയ ഇനവും അത്യുത്പാദന ശേഷിയുള്ളതുമായ റബര്‍ കുരു നിലമ്പൂര്‍ മേഖലയിലേതാണ്. ഏറ്റവും മുന്തിയ ഇനവും അത്യുല്‍പ്പാദന ശേഷിയുള്ളതുമായ റബര്‍ക്കുരുവിന് ആവശ്യക്കാരേറെയാണ്.