അക്ഷരം പഠിച്ച് സാക്ഷരതയിൽ ഒന്നാമതെത്തി, രാഷ്ട്രീയ ധാരണകൾ കെട്ടിപ്പടുത്ത് മാതൃകയായി, രാജ്യത്തിന്‍റെ സാമൂഹിക സാമ്പത്തിക ജീവിത നിലവാര സൂചികകളിൽ ഓടിയോടി മുന്നിലെത്തി, അങ്ങനെ നിരവധി നേട്ടങ്ങൾ ഇക്കാലയളവിൽ മലയാളക്കരക്ക് സ്വന്തമായി. കേരളത്തിന്‍റെ അറുപത്തെട്ടിന്‍റെ ചെറുപ്പം പക്ഷെ ഇപ്പോൾ വെല്ലുവിളികളുടേത് കൂടിയാണ്. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിലും മതേതരത്വത്തിന്‍റെ മേൽക്കുപ്പായത്തിലും ആശങ്കയുടെ നേരിയ നിഴൽപ്പാടുണ്ട്. മനുഷ്യമനസുകൾക്ക് ചുറ്റും കെട്ടിപ്പൊക്കുന്ന വിദ്വേഷത്തിന്‍റെ മതിലുകളും മുറിപ്പാടുകളുമുണ്ട്. വൻ വികസനത്തിലേക്ക് കുതിക്കുമ്പോൾ പിന്നോട്ട് വലിക്കാൻ സാമ്പത്തിക ഞെരുക്കത്തിന്‍റെ കാണാകുരുക്കുണ്ട്.പക്ഷെ എന്നും എവിടെയും പ്രതീക്ഷയുടെ പച്ചത്തുരുത്ത് അവശേഷിപ്പിക്കുന്നതാണ് കേരളത്തിന്‍റെ നന്മ. എല്ലാം തകര്‍ത്തെറിഞ്ഞ വയനാട് ദുരന്തത്തിൽ നിന്ന് കേരളം കരകയറാനൊരുങ്ങുന്നത് സഹജീവി സ്നേഹത്തിന്‍റെയും അതിജീവനത്തിന്‍റെയും അനുകമ്പയുടേയും എല്ലാം പുതു ചരിത്രം എഴുതിയാണ്. കക്ഷി രാഷ്ട്രീയ വ്യത്യാസത്തിന് അപ്പുറത്തെ കെട്ടുറപ്പും ഭരണ നിര്‍വ്വഹണ ശേഷിയും കൈമുതലാക്കിയാണ് കേരളം എന്നും കുതിക്കാറുള്ളത്. അങ്കത്തട്ടിൽ പതിനെട്ടടവും പയറ്റുന്ന ഉപതെരഞ്ഞെടുപ്പ് കാഹളത്തിന്‍റെ നടുക്കാണ് ഇത്തവണ കേരളത്തിന്‍റെ പിറന്നാളാഘോഷം. മൂല്യങ്ങളുടെ വീണ്ടെടുപ്പ് കാലം കൂടിയാകട്ടെ ഇതെന്ന് നമുക്കുമാശിക്കാം. മീഡിയ 16 ന്യൂസും കേരളപ്പിറവി ദിനത്തിൽ ഏവർക്കും ആശംസകൾ നേരുന്നു.