ഉലക നായകൻ @ 70.,ഇന്ത്യൻ സിനിമയുടെ ഉലക നായകൻ കമൽ ഹാസന് ഇന്ന് 70-ാം പിറന്നാൾ.

ഇന്ത്യൻ സിനിമയുടെ ഉലക നായകൻ കമൽ ഹാസന് ഇന്ന് 70-ാം പിറന്നാൾ. ചലച്ചിത്ര മേഖലയുടെ എല്ലാ രംഗത്തും ഒരുപോലെ മികവ് തെളിയിച്ച സകലകലാവല്ലഭൻ ആണ് കമൽ ഹാസൻ. നടന്‍, എഴുത്തുകാരന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, നൃത്തസംവിധായകന്‍, ഗാനരചയിതാവ്, നർത്തകൻ, ഗായകന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം തന്റെ പ്രതിഭ അടയാളപ്പെടുത്തി.
1960 ല്‍ കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരൽ കമലിന്റെ അരങ്ങേറ്റം. പിന്നീട് അദ്ദേഹത്തിന്റെ സിനിമയിലുള്ള വളർച്ച ആരെയും അദ്‌ഭുതപ്പെടുത്തുന്നതായിരുന്നു. മികച്ച നടനുള്ള നാല് ദേശീയ പുരസ്കാരങ്ങൾ, 19 ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, സിനിമയിലെ സംഭാവനകള്‍ക്ക് കലൈമാമണി, പത്മശ്രീ, പദ്മഭൂഷണ്‍ തുടങ്ങി എണ്ണമറ്റ പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തി. പിന്നീട് മക്കൾ നീതി മയം എന്ന രാഷ്ട്രീയ പാർട്ടിയും അദ്ദേഹം സ്ഥാപിച്ചു. എന്നാൽ ജനങ്ങൾക്കൊപ്പമെന്ന് പറഞ്ഞിറങ്ങിയ മക്കൾ നീതി മയത്തിന് അത്ര ശുഭകരമായിരുന്നില്ല കാര്യങ്ങൾ.പലപ്പോഴായി പലവിധ കാരണങ്ങളാൽ അണികളും നേതാക്കളും പാർട്ടി വിട്ടു. ഇപ്പോൾ ദേശീയ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. സിനിമയിലെ കഥാപാത്രങ്ങളിൽ നിരന്തരം പരീക്ഷണങ്ങൾ നടത്തുന്ന കമൽ ഹാസൻ നായകനായ “തഗ് ലൈഫ്” ചിത്രത്തിനായി ഇനി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.കമൽ ഹാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ ഒരു പെൻസിൽ സ്കെച്ച് പോസ്റ്റർ അടുത്തിടെ പുറത്തുവന്നിരുന്നു. രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും മദ്രാസ് ടാക്കീസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഒരു ഗ്യാങ്സ്റ്റർ ഡ്രാമയായാണ് ഒരുങ്ങുന്നത്.കമൽ ഹാസന്റെ പിറന്നാളിനോടനുബന്ധിച്ച് ആരാധകർക്കായി സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ത​ഗ് ലൈഫ്ന്റെ അണിയറപ്രവർത്തകർ.
കമൽ ഹാസന്റെ കഥാപാത്രത്തെ അനാവരണം ചെയ്യുന്ന ​ഗ്ലിംപ്സ് വിഡിയോ ആയിരിക്കും പുറത്തുവരികയെന്നാണ് വിവരം. ഇതുവരെ കാണാത്ത ​ഗെറ്റപ്പിലായിരിക്കും കമൽ ഹാസൻ ചിത്രത്തിൽ എത്തുക എന്നാണ് പുറത്തു വരുന്ന വിവരം.