സ്വിസ് സ്ഥാപനമായ ഐക്യു എയർ പുറത്തുവിട്ട പട്ടികയിലാണ് കഴിഞ്ഞ ദിവസം ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ഡൽഹിയായത്. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വായുമലിനീകരണ തോത് കുത്തനെ കൂടിയതാണ് കാരണം. ഡൽഹി നഗരത്തിലും, സമീപ മേഖലകളിലും ലോക്കൽ സർക്കിൾസ് എന്ന സംഘടന നടത്തിയ സർവേയിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ. പത്തിൽ ഏഴ് കുടുംബങ്ങളും രാജ്യതലസ്ഥാനത്ത് മലിനീകരണം കാരണം ബുദ്ധിമുട്ടുന്നുണ്ട്. 69 ശതമാനം കുടുംബങ്ങളിലും ഒരാളെങ്കിലും രോഗിയാണ്. 62 ശതമാനം കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും കണ്ണെരിച്ചിൽ പോലുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ട്. 31 ശതമാനം കുടുംബങ്ങളിലും ശ്വാസ തടസ്സം, ആസ്തമ പോലുള്ള രോഗങ്ങളുണ്ടെന്നും സർവേയിൽ വ്യക്തമായി. ഇതോടെ ജനം ആശങ്കയിലാണ്
വിഷപ്പത വഹിച്ച് യമുന നദിയുടെ ഒഴുക്ക് തുടരുകയാണ്. ഛത് പൂജയ്ക്ക് മുന്നോടിയായി ഡൽഹി ജല ബോർഡ് ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമാവുന്നുണ്ട്.