ഡര്‍ബന്‍: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. പവര്‍ പ്ലേയില്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 56 റണ്‍സെടുത്തു. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 8 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയിലാണ്. 28 പന്തില്‍ 51 റണ്‍സുമായി സഞ്ജുവും 12 പന്തില്‍ 17 റണ്‍സോടെ സൂര്യകുമാര്‍ യാദവും ക്രീസില്‍. 8 പന്തില്‍ ഏഴ് റണ്‍സെടുത്ത അഭിഷേക് ശര്‍മ വീണ്ടും നിരാശപ്പെടുത്തി. ജെറാള്‍ഡ് കോയെറ്റ്സിക്കാണ് അഭിഷേകിന്‍റെ വിക്കറ്റ്.ടോസ് നഷ്ടമായി ക്രീസിലിറങ്ങി ഇന്ത്യക്കായി സഞ്ജുവും അഭിഷേകും കരുതലോടെയാണ് തുടങ്ങിയത്. ആദ്യ രണ്ടോവറില്‍ 12 റണ്‍സ് മാത്രമാണ് ഇരുവരും നേടിയത്. രണ്ടാം ഓവര്‍ എറിയാനെത്തിയ ഏയ്ഡന്‍ മാര്‍ക്രത്തിനെതിരെ ആദ്യ ബൗണ്ടറി നേടിയ സഞ്ജു കേശവ് മഹാരാജ് എറിഞ്ഞ മൂന്നാം ഓവറില്‍ ഫോറും സിക്സും അടിച്ച് കരുത്തുകാട്ടി. കോയെറ്റ്സി എറിഞ്ഞ നാലാം ഓവറില്‍ അഭിഷേക് ശര്‍മ മടങ്ങിയെങ്കിലും മൂന്നാം നമ്പറിലിറങ്ങിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സഞ്ജുവിനൊപ്പം ചേര്‍ന്നതോടെ ഇന്ത്യ കുതിച്ചു.കോയെറ്റ്സിയെ സിക്സും ഫോറും അടിച്ച സൂര്യക്ക് പിന്നാലെ അടുത്ത ഓവറില്‍ മാര്‍ക്കോ യാന്‍സനെതിരെ സഞ്ജു സിക്സും ഫോറും പറത്തി. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ കോയെറ്റ്സിയെ സിക്സിന് പറത്തിയ സഞ്ജു എട്ടാം ഓവര്‍ എറിയാനെത്തിയ കബായോമോസി പീറ്ററിനെതിരെ തുടര്‍ച്ചയായ സിക്സുകളിലൂടെ 27 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു.
ടി20 ലോകകപ്പ് ഫൈനലിനുശേഷം ഇരു ടീമും ആദ്യമായാണ് നേര്‍ക്കുനേര്‍വരുന്നത്. ലോകകപ്പിനുശേഷം ഇന്ത്യ സിംബാബ്‌വെയെയും ശ്രീലങ്കെയയും ബംഗ്ലാദേശിനെയും തൂത്തുവാരി പരമ്പര നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങി. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര സമനിലയാക്കാനെ ദക്ഷിണാഫ്രിക്കക്ക് കഴിഞ്ഞുള്ളു.
ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൻ: റയാൻ റിക്കൽടൺ, എയ്ഡൻ മാർക്രം(ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, പാട്രിക് ക്രൂഗർ, മാർക്കോ ജാൻസെൻ, ആൻഡിൽ സിമെലൻ, ജെറാൾഡ് കോറ്റ്‌സി, കേശവ് മഹാരാജ്, എൻകബയോംസി പീറ്റർ.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്(ക്യാപ്റ്റൻ), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ.