ആറ്റിങ്ങൽ നഗരമധ്യത്തിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 40 പവനും ഒരു ലക്ഷം രൂപയും കവർന്നു.

ആറ്റിങ്ങൽ നഗരമധ്യത്തിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 40 പവനും ഒരു ലക്ഷം രൂപയും കവർന്നു. മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം പാലസ് റോഡിൽ ദിൽ വീട്ടിൽ റിട്ട. കെ.എസ്.ആർ.ടി.സി. എ.ടി.ഒ. പദ്മനാഭറാവുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ 8.30-നും വൈകീട്ട് 5.30-നും ഇടയ്ക്കായിരുന്നു മോഷണം. വീടിന്റെ മുൻവാതിൽ തകർത്താണ് മോഷണം നടത്തിയിട്ടുള്ളത്. രണ്ട് കിടപ്പുമുറികളുടെ അലമാരകളിൽ സൂക്ഷിച്ചിരുന്ന മുതലുകളാണ് നഷ്ടപ്പെട്ടത്. പദ്മനാഭറാവുവും ഭാര്യ റിട്ട. എൽ.ഐ.സി. ജീവനക്കാരിയായ സ്വയംപ്രഭയുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. പദ്മനാഭറാവുവിന്റെ കരമനയിലുള്ള ബന്ധുവിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാൻ ഇരുവരും വ്യാഴാഴ്ച രാവിലെ 8.30ഓടെ വീടുപൂട്ടി പോയിരുന്നു. വൈകീട്ട് 5.30ഓടെ മടങ്ങിയെത്തിയപ്പോൾ വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടെത്തി. വാതിലിന്റെ പൂട്ട് പൊളിക്കാതെ വാതിൽപ്പാളിയിലെ പലക പൊളിച്ചുമാറ്റിയ നിലയിലായിരുന്നു. തുടർന്ന് അകത്തുകയറി നോക്കിയപ്പോൾ കിടപ്പുമുറികളുടെ വാതിലുകളും അലമാരകളും കുത്തിത്തുറന്നതായി കണ്ടെത്തി. ഉടൻതന്നെ പോലീസിൽ വിവരം അറിയിച്ചു. ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ ഏതാനും ദിവസങ്ങൾക്കു മുൻപ്‌ ഒരു ചടങ്ങ് പ്രമാണിച്ചാണ് ഇവർ പുറത്തെടുത്തത്. അടുത്തുതന്നെ മറ്റൊരു ചടങ്ങുകൂടിയുള്ളതിനാൽ അതുകൂടി കഴിഞ്ഞിട്ട് ആഭരണങ്ങൾ ലോക്കറിൽ തിരികെ െവക്കാമെന്നുകരുതി വീട്ടിൽ സൂക്ഷിക്കുകയായിരുന്നു. ഇതാണ് മോഷണം പോയത്. അലമാരയ്ക്കുള്ളിൽനിന്ന് ആഭരണങ്ങൾ മാത്രമാണ് മോഷ്ടാക്കൾ എടുത്തിട്ടുള്ളതെന്നാണ് വിവരം. സാധനങ്ങളൊന്നും വാരിവലിച്ചിട്ടതായി കണ്ടെത്തിയിട്ടില്ല. മാധ്വതുളു ബ്രാഹ്‌മണസമാജത്തിന്റെ കെട്ടിടനിർമാണത്തിനായി ലഭിച്ച സംഭാവനത്തുക സംഘടനാ ഭാരവാഹിയായ പദ്മനാഭറാവുവാണ് സൂക്ഷിച്ചിരുന്നത്. ഇതാണ് മോഷണംപോയ ഒരുലക്ഷം രൂപ.

ആറ്റിങ്ങൽ ഇൻസ്‌പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. തെളിവെടുപ്പിനെത്തിയ പോലീസ് നായ വീടിന്റെ പിൻവശത്തുകൂടി സമീപത്തെ ഇടവഴിയിലേക്കിറങ്ങി അല്പദൂരം സഞ്ചരിച്ചു. വിരലടയാളവിദഗ്‌ധരുൾപ്പെടെയുള്ളവരെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സമീപത്തെ സ്ഥാപനങ്ങളിൽനിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.