സൈബർ ലോകത്തെ തട്ടിപ്പുകൾ നിത്യസംഭവങ്ങളായി മാറുകയാണ്. ഫോൺവിളിച്ചുള്ള സാമ്പത്തിക തട്ടിപ്പ്, ഡിജിറ്റൽ അറസ്റ്റ് തുടങ്ങി നിരവധി സംഭവങ്ങളാണ് ഇത്തരത്തിൽ നടക്കുന്നത്. രാജ്യത്ത് സൈബര്‍ സാമ്പത്തികത്തട്ടിപ്പുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ മുന്‍കരുതലെടുത്തിരിക്കുകയാണ് സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍ (ഐ 4 സി). തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകളും സോഷ്യൽമീഡിയ അക്കൗണ്ടുകളും പൊതുജനങ്ങള്‍ക്ക് നേരിട്ടു പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനമാണ് പുതിയതായി തയ്യാറാക്കിയിരിക്കുന്നത്.തട്ടിപ്പുകാരുടേതാണോ എന്ന് സംശയിക്കുന്ന ഫോണ്‍ നമ്പറുകള്‍, സോഷ്യൽമീഡിയ അക്കൗണ്ടുകള്‍, ഇ-മെയില്‍ എന്നിവ www. cybercrime.gov.in എന്ന വെബ്‌സൈറ്റിലൂടെ പരിശോധിക്കാം. അങ്ങനെ, ഡിജിറ്റല്‍ തട്ടിപ്പിന് ഉപയോഗിക്കുന്ന നമ്പറോ ഐഡിയോ ആണിതെങ്കില്‍ നമുക്ക് മുന്നറിയിപ്പു ലഭിക്കും. വിവിധ സംസ്ഥാന പൊലീസ് സംവിധാനങ്ങളിൽ നിന്നുള്ള വിവരങ്ങളുടെയും അന്വേഷണസംഘങ്ങള്‍ നല്‍കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ പരിശോധന നടക്കുക. തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റ് വിലാസം, വാട്‌സാപ്പ് നമ്പര്‍, ടെലിഗ്രാം ഹാന്‍ഡില്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, സോഷ്യൽമീഡിയ അക്കൗണ്ടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും തെളിവുകളും വിവരണവും പൊതുജനങ്ങൾക്കും നൽകാവുന്നതാണ്. ഇത്തരം വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് ചോദ്യങ്ങൾക്ക് മറുപടി നൽകുക.രാജ്യത്ത് പത്തുമാസത്തിനുള്ളിൽ സൈബർ തട്ടിപ്പുകാർ 20,000 കോടി രൂപയോളം തട്ടിയെടുത്തെന്നാണ് കണക്ക്. ഇങ്ങനെ നേടുന്ന പണത്തിൽ ഭൂരിഭാഗവും ചൈന, ബാങ്കോക്ക്, ഹോങ്കോങ്, റഷ്യ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തട്ടിപ്പുകാരിലേക്കാണ് എത്തുന്നതെന്നാണ് ഐസി4 കണ്ടെത്തിയിരിക്കുന്നത്.