ഇനി കല്യാണക്കാലം; 35 ദിവസത്തിനുള്ളില്‍ രാജ്യത്ത് നടക്കുക 48 ലക്ഷത്തിലേറെ വിവാഹങ്ങള്‍

ദില്ലി: ഇന്ത്യയിൽ ഇനി വിവാഹക്കാലമാണ്. ഇന്ന് മുതൽ ഡിസംബർ 16 വരെ നടക്കാനിരിക്കുന്നത് 48 ലക്ഷത്തിലേറെ വിവാഹങ്ങളാണ്. ഏകദേശം ആറ് ലക്ഷം കോടി രൂപ വിപണിയിലേക്ക് ഒഴുകാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) പ്രതീക്ഷിക്കുന്നത്. 



കഴിഞ്ഞ വർഷം നവംബർ - ഡിസംബർ മാസങ്ങളിൽ 11 ദിനങ്ങളാണ് ശുഭദിനങ്ങളായി കണക്കാക്കിയിരുന്നതെങ്കിൽ ഈ വർഷം 18 ദിനങ്ങളുണ്ട്. ഇത് വിപണിയിലേക്ക് കൂടുതൽ പണം ഒഴുക്കും. നവംബർ 12, 13, 17, 18, 22, 23, 25, 26, 28, 29, ഡിസംബർ 4, 5, 9, 10, 11 എന്നീ ദിവസങ്ങളിലാണ് കൂടുതൽ വിവാഹങ്ങൾ നടക്കുന്നത്, അതിനു ശേഷം 2025 ജനുവരി പകുതിയിൽ വിവാഹ സീസണ്‍ പുനരാരംഭിച്ച് മാർച്ച് വരെ നീണ്ടുനിൽക്കും.

ടെക്സ്റ്റൈൽസുകൾ, ജ്വല്ലറികൾ, വീട്ടുപകരണങ്ങൾ, ഹാളുകൾ, ഹോട്ടലുകൾ, ഇവന്‍റ് മാനേജ്മെന്‍റ്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിങ്ങനെ നിരവധി മേഖലകൾക്ക് വിവാഹ സീസണ്‍ പുത്തനുണർവ് നൽകുമെന്ന് സിഎഐടിയു സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു. മൂന്ന് ലക്ഷം രൂപ മുതൽ ഒരു കോടിയോ അതിൽ കൂടുതലോ ഒരു വിവാഹത്തിനായി ചെലവഴിക്കുന്നവരുണ്ട്. മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് നടത്തുന്നത് ഏകദേശം 10 ലക്ഷത്തിലേറെ വിവാഹങ്ങളാണെങ്കിൽ 50 ലക്ഷം രൂപ ചെലവിട്ട് നടക്കാനിരിക്കുന്നത് 50,000 ലേറെ കല്യാണങ്ങളാണ്. ഒരു കോടിയോ അതിൽ കൂടുതലോ ചെലവഴിച്ച് നടത്താനിരിക്കുന്നതും 50,000ലേറെ വിവാഹങ്ങളാണ്. ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകളോടുള്ള പ്രിയം പുതിയ തലമുറയ്ക്ക് കൂടുകയാണ്. രാജസ്ഥാൻ, ഗോവ, ഉദയ്പൂർ എന്നിവയാണ് രാജ്യത്തെ തിരക്കേറിയ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രങ്ങളെങ്കിൽ തായ്‌ലൻഡ്, ബാലി, ദുബൈ തുടങ്ങിയവയാണ് അന്താരാഷ്ട്ര ഹോട്ട്‌സ്‌പോട്ടുകൾ.