സ്വര്‍ണവില വീണ്ടും കുതിക്കുന്നു; നാലുദിവസത്തിനിടെ കൂടിയത് 2320 രൂപ

വിവാഹാവശ്യത്തിനായി സ്വര്‍ണമെടുക്കാനിരിക്കുന്നവരുടെ നെഞ്ചിടിപ്പേറ്റി സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും കൂടി. നാല് ദിവസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് 2320 രൂപയാണ് വര്‍ധിച്ചത്. ഇന്ന് മാത്രം പവന് 640 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57800 രൂപയായി.ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 80 രൂപയുടെ വര്‍ധനവാണുണ്ടായത്. ഗ്രാമിന് 7225 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില പുരോഗമിക്കുന്നത്. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7882 രൂപയും നല്‍കേണ്ടി വരും. നവംബര്‍ 18 മുതല്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ കുതിപ്പാണുണ്ടാകുന്നത്.ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ശേഷം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. പിന്നീട് കഴിഞ്ഞയാഴ്ച ഒറ്റക്കുതിപ്പായിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.