വരുണ്‍ ചക്രവര്‍ത്തിക്ക് അഞ്ച് വിക്കറ്റ്! എന്നിട്ടും ഇന്ത്യ തോറ്റു, രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

കെബെര്‍ഹ: ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 125 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ട് വച്ചത്. മറുപടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 41 പന്തില്‍ 47 റണ്‍സുമായി പുറത്താവാതെ നിന്ന ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയെങ്കിലും സ്റ്റബ്‌സിന്റെ പ്രകടനം നിര്‍ണായകമായി. ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-1ന് ഒപ്പമെത്തി.
മോശമായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. 44 റണ്‍സിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. റ്യാന്‍ റിക്കിള്‍ടണ്‍ (13), എയ്ഡന്‍ മാര്‍ക്രം (3), റീസ ഹെന്‍ഡ്രിക്‌സ് (24) എന്നിവരാണ് പുറത്തായത്. പിന്നീട് മാര്‍കോ ജാന്‍സന്‍ (7) - സ്റ്റബ്‌സ് സഖ്യം 20 റണ്‍സ് ചേര്‍ത്തു. എന്നാന്‍ ജാന്‍സനെ പുറത്താക്കി വരുണ്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ ഹെന്റിച്ച ക്ലാസന്‍ (2), ഡേവിഡ് മില്ലര്‍ (0) എന്നിവരെ കൂടി തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ വരുണ്‍ മടക്കി. ഇതോടെ ആറിന് 66 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. ആന്‍ഡിലെ സിംലെനിനെ (7) രവി ബിഷ്‌ണോയ് ബൗള്‍ഡാക്കിയെങ്കിലും ജെറാള്‍ഡ് കോട്‌സീയെ (9 പന്തില്‍ 19) കൂട്ടുപിടിച്ച് സ്റ്റബ്‌സ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ മെരുക്കുകയായിരുന്നു. 39 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണ് ഇന്ന് റണ്‍സൊന്നുമെടുക്കാന്‍ സാധിച്ചില്ല. മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. മൂന്നാം പന്തില്‍ തന്നെ സഞ്ജു പുറത്തായി. മാര്‍കോ ജാന്‍സന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ ജെറാള്‍ഡ് കോട്സ്വീയെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ അഭിഷേക് ശര്‍മയും (4) ജാന്‍സന് ക്യാച്ച് നല്‍കി മടങ്ങി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാവദവാകട്ടെ (4) ആന്‍ഡിലെ സിംലെയ്ന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ ഇന്ത്യ മൂന്നിന് 15 എന്ന നിലയിലായി. പിന്നീട് തിലക് വര്‍മ (20) അക്സര്‍ പട്ടേല്‍ (27) സഖ്യം 30 റണ്‍സ് കൂട്ടിചേര്‍ത്തു.

എന്നാല്‍ തിലകിനെ പുറത്താക്കി എയ്ഡന്‍ മാര്‍ക്രം ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. വൈകാതെ അക്സര്‍ റണ്ണൗട്ടാവുകയും ചെയ്തു. ഹാര്‍ദിക്കിനൊപ്പം 25 റണ്‍സ് കൂട്ടിചേര്‍ത്താണ് അക്സര്‍ മടങ്ങുന്നത്. റിങ്കു സിംഗിന് (9) ഇന്നും തിളങ്ങാന്‍ സാധിച്ചില്ല. പിന്നീട് അര്‍ഷ്ദീപിനെ (7) കൂട്ടുപിടിച്ച് ഹാര്‍ദിക് സ്‌കോര്‍ 120 കടത്തി.