തീവ്രന്യൂന മർദം; തമിഴ്നാട്ടിൽ അതിശക്തമായ മഴ, 2 ജില്ലകളിൽ റെഡ് അലർട്ട്, 9 ജില്ലകളിൽ സ്കൂളുകൾക്ക് അവധി

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂന മർദത്തിന്‍റെ സ്വാധീനം കാരണം തമിഴ്നാട്ടിൽ മഴ കനക്കുന്നു. കടലൂർ, മയിലാടുത്തുറൈ ജില്ലകളിൽ റെഡ് അലർട്ടും പത്തിലേറെ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, ചെങ്കൽപെട്ട്, തിരുവള്ളൂർ അടക്കം ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ചെന്നൈയിൽ രാത്രി മഴ കാരണം രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്ർഖെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം, ഏത് സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമെന്ന് വിലയിരുത്തി. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ രാത്രി ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങൾ സന്ദർശിച്ചു. ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി. ഈ ആഴ്ച അവസാനം വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്