സംസ്ഥാനത്ത് വരുന്ന രണ്ടു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.കള്ളക്കടല്‍ പ്രതിഭാസത്തിന്റെയും ഉയര്‍ന്ന തിരമാലയുടെയും സാധ്യത കണക്കാക്കി കേരളതീരത്ത് റെഡ് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം പൂന്തുറ ഭാഗങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭവും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ തിരദേശവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. അതേസമയം കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.