അതേസമയം, അപകടത്തിൽപ്പെട്ടവരിൽ ഒരാൾ മടിയിൽ കിടന്നാണ് മരിച്ചതെന്ന് രക്ഷാപ്രവർത്തനം നടത്തിയ യുവാക്കൾ പറഞ്ഞു. കല്ലടിക്കോട് നിന്ന് പൊലീസ് ജീപ്പിൽ ആശുപത്രിയിലെത്തിക്കവേ മുണ്ടൂർ കഴിഞ്ഞാണ് ഇയാൾ മരിച്ചതെന്നും രക്ഷാപ്രവർത്തനത്തിൽ നാട്ടുകാരും ആ വഴി കടന്നുപോയ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരുമെല്ലാം പങ്കാളികളായെന്നും ഏറെ ശ്രമകരമായാണ് കാറിൽ നിന്ന് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തതെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ യുവാക്കൾ വ്യക്തമാക്കി.ഇന്നലെ രാത്രി 10.30ഓടെയാണ് പാലക്കാട് കല്ലടിക്കോട് വെച്ച് ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടമുണ്ടായത്. അയ്യപ്പൻകാവിന് സമീപം കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ മരിച്ച അഞ്ചുപേരെയും തിരിച്ചറിഞ്ഞു. ഇന്നലെ നാലുപേരെയാണ് തിരിച്ചറിഞ്ഞത്. പാലക്കാട് തച്ചമ്പാറ സ്വദേശി മഹേഷ് ആണ് മരിച്ച അഞ്ചാമത്തെയാള്‍. കോങ്ങാട് സ്വദേശികളായ വിഷ്ണു, വിജീഷ്, രമേഷ്, മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്സൽ എന്നിവരാണ് മരിച്ച മറ്റു നാലുപേര്‍.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ലോറി ഡ്രൈവർ വിഗ്നേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കാർ അമിത വേഗത്തിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ലോറിയിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നുവെന്നും സംഭവം കണ്ടവർ വിശദീകരിക്കുന്നുണ്ട്. കെ എൽ 55 എച്ച് 3465 എന്ന മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ പാലക്കാട്ട് ജില്ലാ ആശുപത്രി മോർച്ചറിയിലാണ്. കല്ലടിക്കോട് വാഹന അപകടത്തിന്റെ പശ്ചാത്തലത്തിൽ യുഡിഎഫും എൽഡിഎഫും തെരഞ്ഞെടുപ്പ് പരിപാടികൾ ഇന്ന് ഉച്ചവരെ റദ്ദാക്കിയിട്ടുണ്ട്.