കിളിമാനൂർ: ലോക പ്രസിദ്ധ ചിത്രകാരൻ രാജാ രവിവർമയുടെ 118-ാം ചരമവാർഷികം കിളിമാനൂർ പാലസ് ട്രസ്റ്റും, കേരള ചിത്രകലാ പരിഷത്തും ചേർന്ന് വിവിധ പരിപാടികളോടെ കിളിമാനൂർ കൊട്ടാരത്തിൽ ആചരിച്ചു.
കൊട്ടാരത്തിലെ രവിവർമ ചിത്രശാലയിൽ മുതിർന്ന രാജകുടുംബാംഗം കെ.സി. വസുമതീഭായി ആദ്യദീപം തെളിയിച്ചു. തുടർന്ന് രാജകുടുംബാംഗങ്ങൾ,
ജനപ്രതിനിധികൾ, കലാകാരൻമാർ എന്നിവർ ചേർന്ന് 118 ദീപങ്ങൾ തെളിയിച്ചു. രവിവർമ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന ചിത്രകലാ ക്യാമ്പ് പാലസ് ട്രസ്റ്റ് പ്രസിഡന്റ് കെ.സി.ദിവാകരവർമ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ ചിത്രരചനയും, സമൂഹചിത്രരചനയും നടന്നു. സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചാരം ലഭിച്ച, എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള രവിവർമ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ചലനാവിഷ്ക്കാരമൊരുക്കിയ യുഹാബ് ഇസ്മായിലിനെ പാലസ് ട്രസ്റ്റ് ചടങ്ങിൽ ആദരിച്ചു.കിളിമാനൂർ പാലസ് ട്രസ്റ്റ് സെക്രട്ടറി കെ.ആർ.രാമവർമ, ചലച്ചിത്ര സംവിധായകനും നടനമായ ശങ്കർ രാമകൃഷ്ണൻ, അമൃതാനന്ദമയീ മഠം പ്രതിനിധി വേദാമൃതപുരി, ചിത്രകലാകാരന്മാരായ കിളിമാനൂർ ഷാജി, ഡോ.എസ്.ഹരികൃഷ്ണൻ, അനിൽ കാരൂർ, കിളിമാനൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കൊട്ടറ മോഹൻകുമാർ, വാർഡംഗം എം.എൻ.ബീന എന്നിവർ പ്രസംഗിച്ചു.