ചെറിയൊരു ആശ്വാസം; സ്വര്‍ണവിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി റെക്കോര്‍ഡ് നിരക്കില്‍ തുടരുകയാണ് സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണത്തിന് 7,095 രൂപയാണ് വിപണി വില. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,760 ആയി. ഈ മാസം നാലിന് ആണ് സ്വര്‍ണവില 56,960 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചത്. തുടര്‍ന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ വില 56,200 രൂപ വരെയായി താഴ്ന്നു. ഇതിന് പിന്നാലെ വില ഉയര്‍ന്ന് 56,960 രൂപയിലേക്ക് തിരിച്ചു കയറുകയായിരുന്നു.സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.