കഴക്കൂട്ടത്തെ പീഡനം; പ്രതി കാമുകന്‍റെ കൂട്ടുകാരൻ, അപ്പാർട്ട്മെന്‍റിലെത്തിയത് 'രഹസ്യ വിവരം' നൽകാനെന്ന പേരിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് കുളത്തൂരിൽ അപ്പാർമെന്‍റിൽ കയറി സിവിൽ സർവ്വീസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതി പരാതിക്കാരിയുടെ കാമുകന്‍റെ സുഹൃത്താണെന്ന് പൊലീസ്. കൂപ്പർ ദീപു എന്ന് വിളിക്കുന്ന ദീപുവാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. പെൺകുട്ടിക്ക് അറിയാവുന്ന ആളാണ് ഇയാളെന്നും കാമുകനെ കുറിച്ച് രഹസ്യ വിവരം നൽകാനെന്ന് പറഞ്ഞാണ് ദീപു അപ്പാർട്ട്മെന്‍റിൽ എത്തിയതെന്ന് പെൺകുട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

രണ്ട് ദിവസം മുമ്പാണ് കുളത്തൂരിലെ അപ്പാർട്ട്മെന്‍റിൽ വെച്ച് സിവിൽ സർവ്വീസ് വിദ്യാർത്ഥിനിയെ ദീപു ബലാത്സംഗം ചെയ്യുന്നത്. രാത്രി 11 മണിയോടെയാണ് ദീപു പെൺകുട്ടി താമസിക്കുന്ന സ്ഥലത്തെത്തിയത്. തന്‍റെ കാമുകനെ കുറിച്ച് രഹസ്യ വിവരം നൽകാനെന്ന് പറഞ്ഞാണ് ഇയാൾ എത്തിയതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. ആ സമയത്ത് പരാതിക്കാരിയായ പെൺകുട്ടിക്കൊപ്പം റൂം മേറ്റ്‌ ആയ മറ്റൊരു പെൺകുട്ടിയും അപ്പാർട്ട്മെന്‍റിൽ ഉണ്ടായിരുന്നു. റൂം മേറ്റ്‌ നേരത്തെ കിടന്നു, ഈ സമയത്താണ് പ്രതി തന്നെ പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.തന്നെ ദീപു ബലം പ്രയോഗിച്ചു മദ്യം കുടിപ്പിച്ചുവെന്നും തുടർന്ന് ബലാത്സംഗം ചെയ്തുവെന്നും പരാതിയിൽ പറയുന്നു. പീഡന ശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തി. വിവരം പുറത്തു പറഞ്ഞാൽ ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി കഴക്കൂട്ടം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കാമുകനൊപ്പം എത്തിയാണ് യുവതി പരാതി നൽകിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു. വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി ദീപു കേരളം വിട്ടതായാണ് വിവരം. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.