ഓഹരിവിപണിയില്‍ നിന്ന് ലാഭത്തോട് ലാഭം വാഗ്ദാനം; തിരുവനന്തപുരം സ്വദേശിയുടെ ആറ് കോടി രൂപ പോയി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആറ് കോടി രൂപ തട്ടിയെന്ന് പരാതി. ഓഹരിവിപണിയില്‍ നിക്ഷേപിക്കാനെന്ന പേരില്‍ പണം തട്ടിയെടുത്തെന്നാണ് പരാതി. തിരുവനന്തപുരം സ്വദേശിയായ എഞ്ചിനീയറുടെ പണമാണ് നഷ്ടമായത്. പരാതിയില്‍ സൈബര്‍ ക്രൈം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് തീരുമാനിച്ചു. വ്യാജ ഷെയര്‍ മാര്‍ക്കറ്റ് ആപ്ലിക്കേഷനുകള്‍ വഴിയാണ് പണം തട്ടിയതെന്നാണ് കണ്ടെത്തല്‍.
വിദേശത്ത് ഐടി മേഖലയില്‍ ജോലി ചെയ്ത് നാട്ടിലേക്ക് മടങ്ങി എത്തിയതായിരുന്നു ഇദ്ദേഹം. മടങ്ങിയെത്തിയതിന് പിന്നാലെ ഇദ്ദേഹം പ്രമുഖ ഓണ്‍ലൈന്‍ സൈറ്റ് വഴി ട്രേഡിങ് നടത്താറുണ്ടായിരുന്നു. ഇതിനിടെ വാട്‌സ്ആപ്പില്‍ വന്ന ഒരു ട്രേഡിങ് ലിങ്കില്‍ കയറി ട്രേഡിങ് നടത്തുകയായിരുന്നു.
വലിയ ഓഫര്‍ ലഭിച്ചതോടെ പല സമയങ്ങളിലായി വന്‍ തുക നിക്ഷേപിച്ചു. പിന്നാലെ പണം പിന്‍വലിക്കാന്‍ നോക്കിയപ്പോള്‍ ലാഭത്തിന്റെ 20 ശതമാനം തുക നിക്ഷേപിച്ചാലേ പണം പിന്‍വലിക്കാന് സാധിക്കുകയുള്ളുവെന്ന് തട്ടിപ്പ് സംഘം അറിയിച്ചത്. പിന്നാലെ പണം നഷ്ടമായെന്ന് മനസിലാക്കിയ പരാതിക്കാരന് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ പരാതി അറിയിക്കുന്ന പോര്‍ട്ടലില്‍ വിവരം അറിയിക്കുകയായിരുന്നു. അപ്പോഴേക്കും പണമെല്ലാം നഷ്ടമായിരുന്നു