വാഹനം ഇടിച്ച ശേഷം കടന്നുകളഞ്ഞ കേസ്; രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: വാഹനം ഇടിച്ചിട്ട ശേഷം പരിക്കുപറ്റിയാളെ ആശുപത്രിയിലെത്തിക്കാതെ കടന്നുകളഞ്ഞ കേസിൽ രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ. വെള്ളറട സ്വദേശികളായ അതുൽ ദേവ് (22), വിപിൻ (21) എന്നിവരാണ് പിടിയിലായത്. സെപ്തംബർ 11നാണ് സംഭവം. വെള്ളറട കലിങ്ക് നട സ്വദേശിയായ സുരേഷിനെയാണ് ഇവരുടെ വാഹനം ഇടിച്ചത്. എന്നാൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതെ ഇവർ കടന്നുകളയുകയായിരുന്നു.
സെപ്റ്റംബർ 7ാം തിയതിയാണ് സുരേഷിന് അപകടം സംഭവിച്ചത്. പിന്നീട് ദിവസങ്ങൾക്കു ശേഷം സുരേഷിനെ റോഡരികിലെ മുറിക്കുള്ളിൽ മരിച്ച് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. അപകടം പറ്റിയ ആളെ റോഡരികിലെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ദുർഗന്ധം കാരണം നാട്ടുകാർ ജനാല വഴി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വെള്ളറട പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തിനൊടുവിൽ വാഹനം ഓടിച്ചവരെ കണ്ടെത്തിയെങ്കിലും സുരേഷിനെ മുറിയിൽ പൂട്ടിയിട്ടത് ഇവരല്ലെന്ന് കണ്ടെത്തി. സുരേഷിനെ മുറിയിൽ കൊണ്ട് കിടത്തിയത് ഇയാൾക്കൊപ്പമുണ്ടായിരുന്ന ഒരു സുഹൃത്താണെന്ന് പൊലീസ് പറയുന്നു. 

അതേസമയം, ഇപ്പോൾ കസ്റ്റഡിയിലുള്ളവർക്കെതിരെ അമിത വേഗത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.