ന്യൂസിലന്‍ഡിനെതിരെ തുടക്കം പിഴച്ച് ഇന്ത്യ, രോഹിത് പൂജ്യത്തിന് പുറത്ത്; സ്പിന്‍ പിച്ചില്‍ രണ്ടാം ദിനം നിർണായകം

പൂനെ: ന്യൂസിലന്‍ഡിനെതിരായ പൂനെ ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്ക പിഴച്ച് ഇന്ത്യ. ന്യൂസിലന്‍ഡിനെ 259 റണ്‍സില്‍ എറിഞ്ഞൊതുക്കി ആദ്യ ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെന്ന നിലയിലാണ്. 10 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും ആറ് റണ്‍സോടെ യശസ്വി ജയ്സ്വാളും ക്രീസില്‍. ഒമ്പത് പന്ത് നേരിട്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ടിം സൗത്തിയാണ് രോഹിത്തിനെ ക്ലീന്‍ ബൗള്‍ഡാക്കിയത്.ഒമ്പത് വിക്കറ്റ് ശേഷിക്കെ ന്യൂസിലന്‍ഡ് സ്കോറിന് ഒപ്പമെത്താന്‍ ഇന്ത്യക്കിനിയും 243 റണ്‍സ് കൂടി വേണം. സ്പിന്നര്‍മാരെ കാര്യമായി തുണക്കുന്ന പിച്ചില്‍ കിവീസ് സ്പിന്നര്‍മാരായ അജാസ് പട്ടേലും മിച്ചല്‍ സാന്‍റ്നറും ഗ്ലെന്‍ ഫിലിപ്സും രചിന്‍ രവീന്ദ്രയുമെല്ലാം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കുക എന്ന വലിയ വെല്ലുവിളിയാണ് രണ്ടാം ദിനം ഇന്ത്യയെ കാത്തിരിക്കുന്നത്. ആദ്യ ദിനം പതിവുപോലെ അടിച്ചു തകര്‍ക്കാന്‍ നില്‍ക്കാതെ കരുതലോടൊയാണ് ഇന്ത്യ തുടങ്ങിയത്.ബെംഗളൂരുവില്‍ അമിതാവേശം കാട്ടി 46 റണ്‍സിന് പുറത്തായതിന്‍റെ ഓര്‍മകളില്‍ കരുതലോടെ കളിച്ചിട്ടും രോഹിത് അക്കൗണ്ട് തുറക്കാതെ മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. ആദ്യദിനം അവസാന സ്പെല്ലുകളില്‍ അജാസ് പട്ടേലും സാന്‍റ്നറും ഗില്ലിനെയും യശസ്വിയെയും കാര്യമായി പരീക്ഷിക്കുകയും ചെയ്തു.ഗില്‍ 32 പന്തില്‍ നിന്ന് 10 റണ്‍സെടുത്തപ്പോള്‍ യശസ്വി ആറ് റണ്‍സെടുക്കാന്‍ നേരിട്ടത് 25 പന്തുകളാണ്. 150 റണ്‍സെങ്കിലും ലീഡ് നേടിയാലെ നാലാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് വലിയ വിജയലക്ഷ്യം പിന്തുടരേണ്ടതിന്‍റെ വെല്ലുവിളി മറികടക്കാനാവു. ഇപ്പോഴെ സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ നാലാം ഇന്നിംഗ്സ് ബാറ്റിംഗ് കൂടുതല്‍ ദുഷ്കരമാകാനാണ് സാധ്യത.