കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇടവേളയ്ക്ക് ശേഷമുള്ള മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ജയം. മുഹമ്മദനിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരവ് നടത്തിയത്. ക്വാമെ പെപ്ര, ജെസൂസ് ജിമനെസ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. മിറാലോല്‍ കസിമോവിന്റെ വകയായിരുന്നു മുഹമ്മദനിന്റെ ഏക ഗോള്‍. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ അഞ്ചാമതെത്തി. മുഹമ്മദന്‍ 11-ാം സ്ഥാനത്താണ്.രണ്ടാം പാതിയിലാണ് ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളുകളും നേടിയത്. മത്സരത്തിന്റെ 29-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളിലൂടെ കൊല്‍ക്കത്തന്‍ ടീം മുന്നിലെത്തി. കസിമോവിന്റെ കിക്ക് രക്ഷപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സ് കീപ്പര്‍ക്ക് സാധിച്ചില്ല. രണ്ടാം പകുതിയില്‍ പെപ്രയെ പകരക്കാരനായി എത്തിച്ചതോടെ ആണ് ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചയേറിയത്. അതിന്റെ ഫലം 67-ാ മിനിറ്റില്‍ കാണുകയും ചെയ്തു. ലൂണയുടെ വലതു വിങ്ങില്‍ നിന്നുള്ള ഒരു ക്രോസ് നോഹ ഗോള്‍ മുഖത്തേക്ക് മറിച്ചു നല്‍കി. അത് പെപ്ര ലക്ഷ്യത്തില്‍ എത്തിച്ചു.
നാല് മിനിറ്റുകള്‍ക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തു. നവോച നല്‍കിയ ക്രോസ് ഹെഡ് ചെയ്ത ജിമനെസ് ഗോളാക്കി മാറ്റി. സ്‌കോര്‍ 2-1. ബ്ലാസ്‌റ്റേഴ്‌സിന് ജയം.