എറണാകുളം ഭൂതത്താന്‍കെട്ടിന് സമീപം സിനിമാ ചിത്രീകരണത്തിന് കൊണ്ടുവന്ന ആനയാണ് ഇന്നലെ വൈകിട്ട് കാട്ടിലേക്ക് ഓടിയത്. വിജയ് ദേവരക്കൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിന് എത്തിച്ചതായിരുന്നു ആനയെ.അഞ്ച് ആനകളെയാണ് ഷൂട്ടിങ്ങിന് കൊണ്ടുവന്നത്. ഇതില്‍ രണ്ട് ആനകള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സാധുവും തടത്താവിള മണികണ്ഠന്‍ എന്നീ ആനകളാണ് ഏറ്റുമുട്ടിയത്.
ഏറ്റുമുട്ടലിനിടെ കുത്തേറ്റ പുതുപ്പള്ളി സാധു തുണ്ടം വനമേഖലയിലേക്ക് ഓടി. ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആനയുടെ പാപ്പാന്മാരും ഇന്നലെ രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല. ഉള്‍ക്കാട്ടിലേക്കുള്ള പരിശോധന ദുഷ്‌കരമായതിനാല്‍ രാത്രിയോടെ പരിശോധന നിര്‍ത്തുകയായിരുന്നു. സംഘട്ടന രംഗത്തിന്റെ ചിത്രീകരണമാണ് നടന്നിരുന്നത്. ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ പുതുപ്പള്ളി സാധുവിനെ തടത്താവിള മണികണ്ഠന്‍ തുടരെ തുടരെ ആക്രമിക്കുകയായിരുന്നു. പാപ്പാന്‍മാരെ നിര്‍ദേശങ്ങള്‍ പാലിക്കാതെ ആക്രമണം തുടര്‍ന്നതോടെ പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.