തമിഴ്‌നാട് സ്വദേശി ആണെങ്കിൽ പോലും ബാലയെ അറിയാത്ത മലയാളികൾ ഇല്ല. തമിഴിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ബാലയിലെ അഭിനേതാവ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത് മലയാളത്തിൽ സിനിമകൾ ചെയ്ത് തുടങ്ങിയതോടെയാണ്. അതുപോലെ തന്നെ ബാലയെ പോലെ വ്യക്തി ജീവിതം ഇത്രത്തോളം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കി മാറ്റിയ മറ്റൊരു താരം മലയാളത്തിൽ ഉണ്ടാകില്ല. താരം നാലാമതും വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോൾ. എറണാകുളം പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തിൽ വച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. മുറപ്പെണ്ണായ കോകിലയാണ് വധു. കോകിലയുമായുള്ള വീഡിയോകൾ ഇതിന് മുൻപും ബാല ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. അതിനാൽ തന്നെ കോകിലയെ എല്ലാവർക്കും അറിയാം. മുറപ്പെണ്ണിനെ ചേർത്തുപിടിച്ച ചിത്രവും ഇരുവരും ആഹാരം കഴിക്കുന്ന വീഡിയോകളും ബാല മുൻപ് പങ്കുവച്ചിട്ടുണ്ട്.
‘എന്റെ ബന്ധുവാണ് വധു. പേര് കോകില. എന്റെ അമ്മയ്ക്ക് വിവാഹത്തിന് പങ്കെടുക്കാൻ പറ്റില്ല. 74 വയസുണ്ട്. വരാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ആരോഗ്യനിലമോശമാണ്. കോകിലയുടെ ചെറുപ്പത്തിലെ ഒരു ആഗ്രഹമാണ് ഇപ്പോൾ നടന്നത്. വാഴ്‌ത്തണമെന്ന് മനസുള്ളവർ വാഴ്ത്തുക. കോകിലയ്ക്ക് മലയാളം അറിയില്ല. കഴിഞ്ഞ ഒരു കൊല്ലമായി എന്റെ ആരോഗ്യത്തിൽ നല്ല മാറ്റമുണ്ട്. ആ സമയത്തൊക്കെ കൂടെ നിന്ന ആളാണ് കോകില. കരൾ മാറ്റിവച്ച ശേഷം എനിക്ക് ഒരു തുണവേണമെന്ന് തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്പോൾ ഐ ആം കോൺഫിഡന്റ്. നല്ല നിലയിൽ മുൻപോട്ട് പോകാൻ സാധിക്കുന്നു. ജീവിതത്തിൽ സമാധാനമുണ്ട്’,- വിവാഹശേഷം ബാല മാധ്യമങ്ങളോട് പറഞ്ഞു.
ചന്ദന സഗാശിവ എന്ന കർണാടക സ്വദേശിയെയാണ് ബാല ആദ്യം വിവാഹം ചെയ്തതെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ബാല തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല. 2010ലാണ് മലയാളി ഗായികയുമായി ബാല വിവാഹിതനായത്. ഗായികയുമായുള്ള വിവാഹമോചനത്തിന് ശേഷം ഡോ. എലിസബത്ത് ഉദയനെ വിവാഹം ചെയ്തുവെങ്കിലും ആ ബന്ധം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾ മാത്രമേ ഇരുവരും ഒരുമിച്ച് ഉണ്ടായിരുന്നുള്ളുവെന്നാണ് വിവരം. ഇരുവർക്കും ഇടയിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.