കൊല്ലം: ചിതറയിൽ പൊലീസുകാരനെ കഴുത്തറുത്ത് കൊന്ന സുഹൃത്ത് ആഭിചാരക്രിയകൾ പിൻതുടരുന്നയാളെന്ന് പൊലീസ്. ചടയമംഗലത്ത് നഗ്നപൂജ നടത്തിയെന്ന പരാതിയിൽ പിടിയിലായവരും പ്രതി സഹദും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. അരും കൊലയ്ക്ക് പിന്നിൽ മയക്കുമരുന്ന് ലഹരിയും സാമ്പത്തിക തർക്കവുമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞദിവസമാണ് ഇർഷാദിനെ കഴുത്തറുത്ത് കൊന്ന നിലയിൽ പ്രതി സഹദിൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഒരാഴ്ചയായി ഇർഷാദ് സഹദിൻ്റെ വീട്ടിൽ വന്നു പോകുന്നത് പതിവായിരുന്നു. എംഡിഎംഎ ഉൾപ്പടെയുടെ ലഹരിമരുന്നുകൾക്ക് ഇരുവരും അടിമയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ലഹരിയുടെ പുറത്താണ് സഹദ് ഇർഷാദിൻ്റെ കഴുത്തറുത്തത്. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കവും ഉണ്ടായിരുന്നു.