വർക്കല ഹെലിപ്പാടിൽ കുന്നുകൾ ഇടിഞ്ഞു. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലാണ് കുന്നിടിഞ്ഞത്. ഇതേതുടർന്ന് വിനോദ സഞ്ചാരത്തിന് മേഖലയിൽ വിലക്കേർപ്പെടുത്തി.അതിശക്തമായ മഴയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിൽ സംഭവിച്ചത്. ശക്തമായ മഴ രാത്രിയിലും തുടർന്നു. ഇതിനിടയിൽ രാത്രി 9 മണിയോടെയാണ് വിനോദസഞ്ചാര മേഖല കൂടിയായ വർക്കല ഹെലിപ്പാടിൽ കുന്നുകൾ ഇടിഞ്ഞത്.മുൻപും മഴയെ തുടർന്ന് ഇടിഞ്ഞ അതെ ഭാഗത്താണ് വീണ്ടും കുന്നിടിച്ചിലുണ്ടായത്.അപകടകരമായ സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ടൂറിസം പൊലീസിന്‍റെ നേതൃത്വത്തിൽ പ്രദേശത്ത് ബാരിക്കേടുകൾ സ്ഥാപിക്കുകയും കയർ കെട്ടി ആ ഭാഗത്തേക്ക് സഞ്ചാരികളെ കടക്കുന്നതിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ നിർദ്ദേശത്തിന് വിരുദ്ധമായി വീണ്ടും ഹെലിപാട് മേഖലയിൽ വലിയ ബസ്സുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലമാണ് കുന്നിടിച്ചിൽ ഉണ്ടാകുന്നതെന്ന് നാട്ടുകാർ പരാതിപ്പെട്ടു. അതെസമയം ജില്ലാ ഭരണകൂടം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.