സഞ്ജു ബാക്ക് ഇന്‍ ആക്ഷന്‍, ആദ്യ പന്തില്‍ തന്നെ സിക്സർ; കര്‍ണാടയ്‌ക്കെതിരെ കേരളം മികച്ച സ്‌കോറിലേക്ക്

കര്‍ണാടകയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം മികച്ച സ്‌കോറിലേയ്ക്ക്. ആളൂര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ രണ്ടാം ദിനം മത്സരം നിര്‍ത്തിവെയ്ക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെന്ന നിലയിലാണ് കേരളം. 15 റണ്‍സുമായി സഞ്ജു സാംസണും 23 റണ്‍സുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുമാണ് ക്രീസില്‍.അര്‍ധ സെഞ്ച്വറി നേടിയ രോഹന്‍ കുന്നുമ്മല്‍ (63), വത്സല്‍ ഗോവിന്ദ് (31), ബാബ അപരാജിത് എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് ഇന്ന് നഷ്ടപ്പെട്ടത്. കര്‍ണാടകയ്ക്ക് വേണ്ടി കൗശിക്, ശ്രേയസ് ഗോപാല്‍, വൈശാഖ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.


വിക്കറ്റ് നഷ്ടമില്ലാതെ 88 റണ്‍സെന്ന നിലയിലാണ് കേരളം രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിക്കുന്നത്. 63 റണ്‍സെടുത്ത് രോഹന്‍ കുന്നുമ്മല്‍ മടങ്ങിയതോടെ ബാബ അപരാജിത് ക്രീസിലെത്തി. തൊട്ടുപിന്നാലെ വത്സല്‍ ഗോവിന്ദിനെയും (31) കേരളത്തിന് നഷ്ടമായതോടെയാണ് സഞ്ജു ക്രീസിലെത്തിയത്.



ബംഗ്ലാദേശിനെതിരായ വെടിക്കെട്ട് സെഞ്ച്വറി നേട്ടത്തിന് പിന്നാലെ വീണ്ടും കളിക്കളത്തിലിറങ്ങിയ സഞ്ജു നേരിട്ട ആദ്യ പന്തുതന്നെ സിക്‌സടിച്ചാണ് വരവറിയിച്ചത്. തൊട്ടടുത്ത രണ്ട് പന്തുകളും ബൗണ്ടറി പായിക്കുകയും ചെയ്തു. സച്ചിന്‍- സഞ്ജു സഖ്യം തകര്‍ത്തടിച്ചുതുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് മത്സരം മുടക്കി മഴയെത്തിയത്.