ശബരിമല നടതുറന്നു, തുലാമാസ പൂജകൾക്ക് തുടക്കം, ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നാളെ

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി ശ്രീകോവിലിൽ ദീപം തെളിച്ചു. പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ നടക്കും. ഉഷപൂജയ്ക്ക് ശേഷം രാവിലെ ഏഴരയോടെയാകും നറുക്കെടുപ്പ്. ശബരിമലയിലേക്ക് 25 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ്, വൈഷ്ണവി എന്നിവരാകും മേൽശാന്തിമാരുടെ നറുക്കെടുക്കുക. മണ്ഡലകാല പൂജയ്ക്കായി നട തുറക്കുന്ന നവംബർ 15 ന് പുതിയ
മേൽശാന്തിമാർ ചുമതലയേൽക്കും.
അതേ സമയം, ശബരിമല മേൽശാന്തി നറുക്കെടുപ്പിലെ അന്തിമ പട്ടികയിൽ നിന്നും ഹൈക്കോടതി ഒരാളെ ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി യോഗേഷ് നമ്പൂതിരിയെയാണ് ഒഴിവാക്കിയത്. മാനദണ്ഡപ്രകാരമുള്ള പ്രവൃത്തിപരിചയം ഇല്ലെന്ന് കണ്ടെത്തിയാണ് നടപടി. നാളെയാണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ്.