സൂപ്പര്‍ സര്‍ഫറാസ്!, ടെസ്റ്റില്‍ കന്നി സെഞ്ച്വറി; ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയുടെ തിരിച്ചുവരവ്

ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ സര്‍ഫറാസ് ഖാന് സെഞ്ച്വറി. മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ പ്രതിസന്ധിയിലായ ഘട്ടത്തിലാണ് സര്‍ഫറാസിന്റെ സെഞ്ച്വറി നേടിയുള്ള 'രക്ഷാപ്രവര്‍ത്തനം'. കേവലം 110 പന്തുകളിലാണ് സര്‍ഫറാസ് മൂന്നക്കം തികച്ചത്. അന്താരാഷ്ട്ര ടെസ്റ്റ് കരിയറിലെ കന്നി സെഞ്ച്വറിയാണ് ന്യൂസിലാന്‍ഡിനെതിരെ സർഫറാസ് നേടിയത്.ബെംഗളൂരുവില്‍ കിവികള്‍ ഉയര്‍ത്തിയ 356 റണ്‍സിന്റെ കൂറ്റന്‍ ഇന്നിങ്‌സ് ലീഡ് മറികടക്കാനിറങ്ങിയ ഇന്ത്യയ്ക്ക് നിര്‍ണായകമാണ് സര്‍ഫറാസിന്റെ സെഞ്ച്വറി. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ പ്രതിസന്ധിയില്‍ നില്‍ക്കേ നാലാമനായാണ് സര്‍ഫറാസ് ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്തുമുതല്‍ ഏകദിന ശൈലിയിലാണ് സര്‍ഫറാസ് ബാറ്റുവീശിയത്.


മത്സരത്തിന്റെ മൂന്നാം ദിനം വിരാട് കോഹ്‌ലിക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ താരത്തിന് സാധിച്ചു. കോഹ്‌ലി പുറത്തായിട്ടും കരുതലോടെ തന്റെ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയ സര്‍ഫറാസ് അതിവേഗം തന്റെ നാലാമത്തെ അര്‍ദ്ധ സെഞ്ച്വറി നേടി. തന്റെ നാലാമത്തെ ടെസ്റ്റില്‍ നിന്ന് കന്നി സെഞ്ച്വറി കണ്ടെത്താനും സര്‍ഫറാസിന് സാധിച്ചു. ഇപ്പോൾ മഴ കാരണം കളി നിർത്തിവച്ചിരിക്കുകയാണ്.