ചെന്നൈയിലേക്ക് സവാരി പോയ ടാക്സി ഡ്രൈവറെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം കരിക്കകം ഒരുവാതിൽകോട്ട ടിസി 91/418(2) 'പ്ലാമൂട്ടിൽ വീട്ടിൽ രാധാകൃഷ്ണനെ (53) ആണ് മരിച്ച നിലയിൽ ഇന്നലെ രാവിലെ 11 ന് ചെന്നൈ കോയമ്പേട് വിമാനത്താവളത്തിനു സമീപം തമിഴ്നാട് പൊലീസ് കണ്ടെത്തിയത്. രാധാകൃഷ്ണന്റെ സ്വന്തം കാറാണിത്. ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ യുപി സ്വദേശികളുമായി കഴിഞ്ഞ 18 നാണ് രാധാകൃഷ്ണൻ ചെന്നൈയിലേക്ക് സവാരി പോയത്. എല്ലാ വർഷവും ഇവർ രാധാകൃഷ്ണന്റെ ടാക്സിയിൽ യാത്ര ചെയ്യാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.

ഇവരെ ചെന്നൈയിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയ ശേഷം 24ന് രാത്രി കോയമ്പേട് വിമാനത്താവളത്തിൽ എത്തിച്ചു. അന്ന് രാത്രി വരെ കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. പുലർച്ചെ വീട്ടിലേക്ക് തിരിക്കും എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, പിന്നീട് വിവരം ഇല്ലാതായതോടെ കുടുംബം വെള്ളിയാഴ്ച പേട്ട പൊലീസിൽ പരാതി നൽകി. വാഹനത്തിലെ ജിപിഎസ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കാർ കണ്ടെത്തി.

എന്നാൽ പരിശോധനയിൽ രാധാകൃഷ്ണൻ കാറിൽ ഇല്ലെന്നാണ് ആദ്യം പൊലീസ് അറിയിച്ചത്. തുടർന്ന്, ഇന്നലെ വീണ്ടും പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാറിൽ ഭക്ഷണപ്പൊതിയും കണ്ടെത്തി. അസ്വാഭാവിക മരണത്തിന് തമിഴ്നാട് പൊലീസ് കേസെടുത്തു. അജിമോൾ ആണ് രാധാകൃഷ്ണന്റെ ഭാര്യ. മകൾ: ആരാധ്യ (എംജിഎം പബ്ലിക് സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥിനി).