തലസ്ഥാനത്ത് പട്ടാപ്പകൽ വീട്ടിൽ കയറി പീഢന ശ്രമം. മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് 20 കാരിയായ വിദ്യാർത്ഥിനിയെ ജോലിക്ക് എത്തിയ രണ്ടു പേർ വീട്ടിൽ കയറി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പെൺകുട്ടി മാത്രമാണ് വീട്ടിലെന്ന് ഉറപ്പുവരുത്തിയ ഇരുവരും 20 കാരിയെ കടന്നു പിടിക്കുകയും ബഹളം വെക്കാൻ ശ്രമിച്ചപ്പോൾ വായിൽ തുണി കുത്തി കയറ്റിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു.പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം സ്വദേശികളായ രണ്ട് പേരെ മംഗലപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേബിൾ ജോലിയുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും ഈ പ്രദേശത്ത് എത്തിയിരുന്നത്. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കും.