പാലക്കാട് വാണിയംപാറയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വടക്കഞ്ചേരി സ്വദേശികളായ മുഹമ്മദ് റോഷന്‍ (14) , മുഹമ്മദ് ഇസാം ഇഖ്ബാല്‍ (15) എന്നിവരാണ് മരിച്ചത്. ഇരുവരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. പള്ളിയില്‍ നിസ്‌കരിച്ച് മടങ്ങുമ്പോഴാണ് അപകടം നടന്നത്. ട്വന്റിഫോറിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തൃശൂര്‍ – പാലക്കാട് ദേശീയപാതയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡിന്റെ ഇടതുവശം ചേര്‍ന്ന മണ്‍റോഡിലൂടെ നടന്നുപോകുകയായിരുന്ന കുട്ടികളെ അതിവേഗം വന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. പുതിയ ഫ്‌ളൈഓവര്‍ നിര്‍മാണം നടക്കുന്ന സ്ഥലത്ത് നിന്ന് 100 മീറ്ററോളം മാറിയാണ് അപകടം. എറണാകുളത്തു നിന്നും പാലക്കാട് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.സംഭവത്തില്‍ നിയമനടപടികള്‍ തുടരുകയാണ്. പറഞ്ഞു തീര്‍ക്കാനാകാത്ത ദുഃഖമാണ് ഈ സംഭവം മൂലമുണ്ടായതെന്ന് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. അപകടം മനപൂര്‍വമായിരുന്നില്ല. തികച്ചും അവിചാരിതമായാണ് അപകടമുണ്ടായത്. നമ്മെ വിട്ടു പോയ ഈ രണ്ടു കുഞ്ഞുങ്ങളുടെയും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ശ്രീകണ്ഠന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.