കിളിമാനൂർ: ശുചിത്വകേരളം, സുസ്ഥിര കേരളം ലക്ഷ്യമിട്ട് മാലിന്യ മുക്ത നവകേരളത്തിനായുള്ള ജനകീയ പ്രചാരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കിളിമാനൂർ ടൗണിലെ പഴയ കുന്നുമ്മേൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി അധ്യക്ഷനായി. 2025 മാർച്ച് 30-ന് അന്താരാഷ്ട്ര ശൂന്യ മാലിന്യദിനത്തിൽ സമ്പൂർണ മാലിന്യ മുക്ത കേരളമാണ് പദ്ധതിയുടെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ , കുടുംബശ്രീ മിഷൻ , മലിനീകരണ നിയന്ത്രണ ബോർഡ്, കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് പ്രോജക്ട് , ക്ലീൻ കേരളാ കമ്പനി എന്നിവ ഈ ക്യാമ്പ് ഏകോപിപ്പിക്കും. പദ്ധതിയുടെ ഭാഗമായി അയൽക്കൂട്ടങ്ങൾ ഹരിത അയൽക്കൂട്ടങ്ങളാക്കിയും , ഹരിത ടൂറിസം കേന്ദ്രങ്ങൾ ആക്കിയും , ഓഫിസുകൾ ഇ-ഹരിത ഓഫീസ് ആക്കിയും മാറ്റും. പൊതുസ്ഥലങ്ങൾ , ചന്തകൾ , പ്രധാന കേന്ദ്രങ്ങൾ ശുചിത്വ സുന്ദരമാക്കും. വിദ്യാലയങ്ങൾ ഹരിതമാക്കും. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ 355 വാർഡുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. 37 ബോട്ടിൽ ബൂത്തുകൾ, ആറ് വഴിയിടവിശ്രമ കേന്ദ്രങ്ങൾ, അഞ്ച് ഉല്പന്ന ശേഖരണ കേന്ദ്രങ്ങൾ, 15 തുമ്പൂർമുഴികൾ, രണ്ട് ഹരിത ടൂറിസം ഡെസ്റ്റിനേഷൻ സെൻ്ററുകൾ എന്നിവിടങ്ങളിൽ വിവിധങ്ങളായ പ്രവർത്തനം നടത്തി പദ്ധതിയുടെ ഭാഗമാക്കി. കിളിമാനൂർ ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെ ടൗൺ സൗന്ദര്യവത്കരണം , ഗ്രീൻ ഇവൻ്റ് എന്നിവ നടത്തും. ബ്ലോക്കിൽ 101 പച്ചതുരുത്തുകൾ ഇതിനകം സ്ഥാപിച്ചു. ചടങ്ങിൻ്റെ ഭാഗമായി കിളിമാനൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വോളൻ്റിയേഴ്സ് അവതരിപ്പിച്ച പ്ലോഗിംഗ് റൺ ഒ.എസ്.അംബിക എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. കിളിമാനൂർ ടൗൺ സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി ഗ്രീൻ വെർമസ് സ്പോൺസർ ചെയ്ത ചെടികൾ കൈമാറി. പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ, ,പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഡി. സ്മിത, ടി.ആർ.മനോജ് തുടങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രസംഗിച്ചു.