ആറ്റിങ്ങൽ : മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾ മിനി സിവിൽ സ്‌റ്റേഷൻ മുതൽ നഗരസഭാ കാര്യാലയം വരെയുള്ള ചുറ്റുമതിലുകളിൽ ശുചിത്വ സന്ദേശവും ചിത്രങ്ങളും വരച്ചു.
നഗരസഭാ കവാടത്തിൽ സ്ഥാപിച്ച
അക്വർലിക്ക് ലൈറ്റ് ബോർഡുകളുടെ സ്വിച്ച് ഓൺ കർമ്മവും, പ്ലാസ്റ്റിക്ക് ബോട്ടിലുകൾ കൊണ്ട് അവനവഞ്ചേരി സ്കൂളിലെ എസ്പിസി കുട്ടികൾ നഗരസഭാങ്കണത്തിൽനിർമ്മിച്ച ഇരിപ്പിടത്തിൻ്റെ സമർപ്പണ്ണവും ചെയർപേഴ്സൻ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു.
കഴിഞ്ഞ ഒരു മാസക്കാലമായി സർക്കാർ മതിലുകളിൽ കുട്ടികൾ വരച്ച ചിത്രങ്ങൾ ചെയർപേഴ്സനും സംഘവും സന്ദർശിച്ചു.
നഗര സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി സർക്കാർ സ്ഥാപനങ്ങളിലെ മതിലുകളെല്ലാം ഇത്തരത്തിൽ മാറ്റിയെടുക്കുകയാണ് നഗരസഭയുടെ ലക്ഷ്യമെന്നും ചെയർപേഴ്സൻ അറിയിച്ചു.
വിദ്യാർത്ഥികൾ സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശവും ജാഗ്രതാ ജ്യോതി തെളിയിക്കലും, ഫ്ലാഷ് മോബും പരിപാടിയുടെ ഭാഗമായി.
വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ലീൻസിറ്റി മാനേജർ എം.ആർ. റാംകുമാർ സ്വാഗതം പറഞ്ഞു.
സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻമാരായ എ.നജാം, എസ്.ഗിരിജ, സെക്രട്ടറി കെ.എസ്.അരുൺ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
നാഷണൽ സർവ്വീസ് സ്കീം പ്രതിനിധികളായ പി.ബിനു, പി.ശ്രീജ, കൗൺസിലർമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.