പകരക്കാരനില്ലാത്ത അഭിനയ കുലപതി; നെടുമുടി വേണുവിന്റെ ഓർമകൾക്ക്ആദരം, വിടവാങ്ങിയിട്ട് ഇന്നേക്ക് മൂന്ന് വർഷം

തന്റെ അനന്യമായ അഭിനയശൈലിയും പ്രതിഭയും കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ അഭിനേതാക്കളിൽ ഒരാളായ നെടുമുടി വേണു വിടവാങ്ങിയിട്ട് ഇന്നേക്ക് മൂന്ന് വർഷം. മലയാള സിനിമയിൽ എന്നും നികത്താനാവാത്ത ഒരു വിടവാണ് നെടുമുടി വേണുവിന്റെ വിയോഗം. അനേകം കഥാപാത്രങ്ങൾ, എല്ലാം ഒന്നിനൊന്ന് വൈവിധ്യം നിറഞ്ഞത്. തിരശീലയിൽ ആടിത്തിമിർത്ത് പകരംവെക്കാനാകാത്ത നിരവധി അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് അദ്ദേഹത്തിലെ അഭിനേതാവ് കളമൊഴിഞ്ഞത്.
കഥാപാത്രം ഏതും ആയിക്കൊള്ളട്ടെ തന്റെ അഭിനയപാടവത്താൽ അവയെല്ലാം നെടുമുടി വേണു മികവുറ്റതാക്കും. ആലപ്പുഴ എസ്. ഡി കോളേജിൽ പഠിക്കുന്ന കാലത്ത് സംവിധായകൻ ഫാസിലുമായുണ്ടായ സൗഹൃദം ആണ് നടനെന്ന നിലയിൽ നെടുമുടി വേണുവിൻ്റെ സിനിമ ജീവിതത്തിൽ നി‍ർണായകമായി മാറിയത്. കലാകൗമുദിയിൽ പത്ര പ്രവർത്തകനായും പാരലൽ കോളേജ് അദ്ധ്യാപകനായും പ്രവർത്തിച്ച കേശവൻ വേണുഗോപാൽ എന്ന നെടുമുടി വേണു പിന്നീട് നാടകരംഗത്ത് സജീവമായി. 1978 ൽ ജി അരവിന്ദനൊരുക്കിയ തമ്പ് എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് കാൽവെപ്പ് നടത്തിയ നെടുമുടി വേണുവിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.ആദ്യ കാലത്ത് നായകനായി തിളങ്ങിയ നെടുമുടി വേണു തുടർന്ന് സ്വഭാവ നടനായി മറ്റൊരു ഭാവം പ്രേക്ഷകർക്കായി നൽകി. കുടുകുടെ ചിരിപ്പിച്ചും, ഈറനണിയിച്ചും, ക്രൂരഭാവം എടുത്തണിഞ്ഞും വർഷങ്ങൾ നീണ്ട സിനിമയാത്രയിൽ അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ഏകദേശം അഞ്ച് പതിറ്റാണ്ടോളം നീണ്ട കരിയറിൽ അദ്ദേഹം മലയാളത്തിലും തമിഴിലുമായി 500-ലധികം സിനിമകളിൽ നെടുമുടി വേണു അഭിനയിച്ചു. മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ആറ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുമാണ് അഭിനയജീവിതത്തില്‍ നെടുമുടി വേണുവിനെത്തേടിയെത്തിയത്.


ഹിസ് ഹൈനസ് അബ്ദുള്ളയിലെ ചുറ്റുമുള്ളവരുടെ ചതിയാല്‍ മരണഭയത്തിൽ ഉരുകി കഴിയേണ്ടിവരുന്ന ഉദയവർമ തമ്പുരാൻ, ധീം തരികിട തോമിലെ നാടക ട്രൂപ്പ് ഉടമ കീരിക്കാട് ചെല്ലപ്പൻ പിള്ള, മകനൊപ്പം അടിച്ചുപൊളിച്ച് കഴിയുന്ന ഓർക്കാപ്പുറത്തിലെ അച്ഛനായ നിക്കോളാസ്, പവന്റെ പുന്നാര അച്ഛൻ കൃഷ്ണൻകുട്ടി മേനോനുമെല്ലാം മലയാളി ഇന്നും ആസ്വദിക്കുന്ന നെടുമുടി വേണു കഥാപാത്രങ്ങളിൽ ചിലതുമാത്രം. അഭിനയത്തിലെ താളബോധവും സ്വതസിദ്ധമായ നര്‍മബോധവുമായിരുന്നു അദ്ദേഹത്തിന്റെ അഭിനയശൈലിയുടെ മുഖമുദ്ര. ചെറുപ്പകാലത്ത് തന്നെ പ്രായത്തെ വകവെക്കാതെ വൃദ്ധൻ വേഷങ്ങളും അച്ഛൻ വേഷങ്ങളും ചെയ്യാൻ നെടുമുടി വേണുവിലെ അഭിനേതാവ് മടികാണിച്ചിരുന്നില്ല, അതിനാൽ തന്നെ പക്വതയുള്ള നിരവധി കഥാപാത്രങ്ങൾ ആണ് ആദ്യകാലം മുതൽ നെടുമുടി വേണുവിനെ തേടിയെത്തിയത്.


സംഗീതത്തോടുള്ള നെടുമുടിയുടെ പ്രണയം സിനിമകളിലും കാണാം. സർഗ്ഗത്തിലും ഭരതത്തിലും ഹിസ് ഹൈനസ് അബ്ദുള്ളയിലും എല്ലാം അതിന്റെ പ്രതിഫലനമുണ്ട്. ആലായാൽ തറ വേണം എന്ന ഗാനം സിനിമയിൽ നെടുമുടി പാടുമ്പോൾ അതിന് വശ്യമായൊരു ഭംഗിയുണ്ട്. പകരക്കാരില്ലാത്ത മലയാളത്തിന്റെ അഭിനയ സാമ്രാട്ടിന്റെ ഓർമകള്‍ക്ക് ആദരവ്.