ആറ്റിങ്ങൽ:: കൊട്ടിയോട് കൃഷ്ണസൂര്യയിൽ മുൻ ജില്ലാ ജഡ്ജി ജി രാജപ്പൻ ആചാരി അന്തരിച്ചു.
84 വയസ്സായിരുന്നു.
സംസ്കാരം ഇന്ന് വൈകുന്നേരം 4 30ന് വീട്ടുവളപ്പിൽ.
വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11 മണിക്ക് തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.
ഭാര്യ : ലീലഭായ്.
മക്കൾ: രാജലക്ഷ്മി, രാജശ്രീ , രാജഗോപാൽ.
മരുമക്കൾ : രാജ്കിഷൻ , ഡിംപിൾ രാജഗോപാൽ.
1941ൽ സി ഗോപാലൻ ആചാരിയുടെയും ലക്ഷ്മിഅമ്മാളിന്റെയും മകനായി ആറ്റിങ്ങൽ കൊട്ടിയോട് മുരുക്കറ വീട്ടിൽ ജനിച്ചു.
1964 ൽ ആറ്റിങ്ങൽ കോടതികളിൽ അഡ്വക്കേറ്റ് എം ലോഹിതന്റെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു.
ചുരുങ്ങിയ കാലത്തിനിടയിൽ മികച്ച അഭിഭാഷകൻ എന്ന പേര് എടുത്തു. ഈ കാലഘട്ടത്തിൽ ആർ ശങ്കറുമായി പരിചയപ്പെട്ടത് വലിയ വഴിത്തിരിവായി. വക്കീൽ പണിക്കൊപ്പം കോൺഗ്രസ് രാഷ്ട്രീയത്തിലും രാജപ്പൻ ആചാരി സജീവമായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ആയി. ഇക്കാലത്താണ് കോൺഗ്രസ് പാർട്ടിക്ക് ആറ്റിങ്ങലിൽ പുത്തൻ ഉണർവും നേതൃനിരയും ഉണ്ടായത്. വയലാർ രവി ചിറയിൻകീഴ് പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർത്ഥി ആയപ്പോൾ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ആയി രാജപ്പൻ ആചാരി.
ആറ്റിങ്ങൽ കോൺഗ്രസിലെ അക്കാലത്തെ പ്രമുഖനായിരുന്ന ജീ കൃഷ്ണപിള്ളയുടെ പിന്തുണ രാജപ്പൻ ആചാരിക്ക് വലിയ ആവേശമായി. കെപിസിസി അംഗമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ കെ കരുണാകരൻ, വയലാർ രവി, എ കെ ആന്റണി, ഉമ്മൻചാണ്ടി, പിസി ചാക്കോ തുടങ്ങിയവരുമായൊക്കെ അടുത്തിടപഴകുവാൻ അവസരം ഉണ്ടായി.
അഭിഭാഷക ജീവിതത്തിനിടയിൽ 9 വർഷം പബ്ലിക് പ്രോസിക്യൂട്ടറായി. രണ്ട് തവണ ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡണ്ടായി. ഏഴുവർഷം ആറ്റിങ്ങൽ നഗരസഭയുടെ അഭിഭാഷകനായി പ്രവർത്തിച്ചു.
തുടർന്ന് അദ്ദേഹം ടെസ്റ്റ് എഴുതി 1986 ൽ എറണാകുളം അഡീഷണൽ ജഡ്ജിയായി ചാർജെടുത്തു.
സ്തുത്യർഹമായ സേവനങ്ങൾക്ക് ശേഷം പാലക്കാട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരിക്കെ രണ്ടായിരത്തിൽ അദ്ദേഹം റിട്ടയർ ചെയ്തു.
ഇടയ്ക്ക് ദേവസ്വം ബോർഡിലും കെഎസ്ഇബിയിലും ലോ ഓഫീസറും ആയിരുന്നു.
തുമ്പ വെടിവെപ്പ് കേസിന്റെ അന്വേഷണ കമ്മീഷൻ ആയും അദ്ദേഹം പ്രവർത്തിച്ചു.
സംഭവബഹുലമായിരുന്നു രാജപ്പൻ ആചാരിയുടെ ജീവിതം.
സ്വന്തം വക്കീൽ ഓഫീസിൽ തന്റെ രാഷ്ട്രീയ സംഘടനയുടെ ഓഫീസ് എന്നുകൂടി ബോർഡ് എഴുതിവെച്ച് ചരിത്രം രചിച്ച കഥയും അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ട്. അഭിഭാഷകനും രാഷ്ട്രീയക്കാരനും ആയിരിക്കെ ആറ്റിങ്ങലെ തന്റെ വക്കീൽ ഓഫീസിന് മുമ്പിൽ യൂത്ത് കോൺഗ്രസ് ഓഫീസ് എന്ന ബോർഡ് എഴുതി വച്ചത് അക്കാലത്ത് ആറ്റിങ്ങലിൽ വലിയ ചർച്ചയും കൗതുകവും ആയിരുന്നു.
വക്കം റഷീദ് , ഭുവനചന്ദ്രൻ , വിക്രമൻ പിള്ള , അത്തജൻ തുടങ്ങിയ കുറേ അഭിഭാഷകരുടെ നിര തന്നെ 1970 കളിൽ രാജപ്പൻ ആചാരിയുടെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ സജീവമായിരുന്നു. ആറ്റിങ്ങൽ കോൺഗ്രസിന്റെ പുനർ ഉയർത്തെഴുന്നേൽപ്പിന് ഈ സംഘം ഉത്തേജകമായിരുന്നു എന്ന് തന്നെ പറയാം.