മാവേലിക്കര: ഷെയർ ട്രേഡിങ് കമ്പനിയിൽ പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റിലായി. ആലപ്പുഴ പല്ലാരിമംഗലം സ്വദേശിയിൽനിന്നു പണം തട്ടിയെടുത്ത കേസിലെ പ്രതികളെ കുറത്തികാട് പോലീസാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം തിരൂരങ്ങാടി എം.എച്ച്. നഗറിൽ കല്ലിങ്കൽ വീട്ടിൽ അബ്ദുൽ ഹക്കീം, മല്ലാപ്പ് വീട്ടിൽ മുഹമ്മദ് അഷറഫ്, നിലമ്പൂർ ചന്തക്കുന്ന് ഇരശ്ശേരി വീട്ടിൽ അദ്‌നാൻ, ചന്തക്കുന്ന് പനോളി വീട്ടിൽ നിഷാൽ എന്നിവരാണ് അറസ്റ്റിലായത്. വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഇവർ 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. ഇത്തരത്തിൽ തട്ടിപ്പ് നടത്തി ലഭിച്ച തുക ബാങ്ക് വഴിയും എടിഎം വഴിയും പിൻവലിച്ചു എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും കുറത്തികാട് പോലീസ് പറഞ്ഞു.
ചെങ്ങന്നൂർ ഡിവൈഎസ്‍പി എം.കെ. ബിനുകുമാർ, കുറത്തികാട് ഇൻസ്പെക്ടർ പി.കെ. മോഹിത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ രാജേഷ്, രവീന്ദ്രദാസ്, സിവിൽ പൊലീസ് ഓഫീസർ അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.