എഡിഎം നവീൻ ബാബുവിന്റെ മരണം: പി.പി ദിവ്യയ്ക്കെതിരെ നടപടി, ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി

കണ്ണൂർ: കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ 
പി.പി ദിവ്യക്കെതിരെ സിപിഎം നടപടി. ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റി. പോലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് നടപടി.  

സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന

കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെ തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാർട്ടി സ്വീകരിച്ചത്. അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോൾ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കണ്ടു. അത് ദിവ്യ അംഗീകരിച്ചതിനെ തുടർന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്‌നകുമാരിയെ പരിഗണിക്കാൻ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.