സെക്രട്ടേറിയറ്റില്‍ സീലിങ് പൊളിഞ്ഞ് വീണു; അഡീഷണല്‍ സെക്രട്ടറിക്ക് പരിക്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സീലിങ് പൊളിഞ്ഞു വീണ് അഡീഷണല്‍ സെക്രട്ടറി അജി ഫിലിപ്പിന് പരിക്ക്. ദര്‍ബാര്‍ ഹാള്‍ കെട്ടിടത്തിലെ ഓഫീസ് സീലിങാണ് തകര്‍ന്നു വീണത്. ട്യൂബ് ലൈറ്റുകള്‍ ഉള്‍പ്പെടെ അഡീഷണല്‍ സെക്രട്ടറിയുടെ തലയില്‍ വീണു. തലയ്ക്ക് പരിക്കേറ്റ അജി ഫിലിപ്പിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉച്ചയ്ക്ക് രണ്ടേ കാലോടെയാണ് സംഭവം നടന്നത്. അപകടം നടക്കുമ്പോള്‍ അജി ഫിലിപ്പ് മാത്രമായിരുന്നു ഓഫീസില്‍ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ ജീവനക്കാരാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. സീലിങിന് കാലപ്പഴക്കമുണ്ടെന്നാണ് വിവരം. അറ്റക്കുറ്റപ്പണികള്‍ കൃത്യമായി നടന്നിരുന്നില്ലെന്നും വിവരമുണ്ട്.