മുക്കുപണ്ടം പണയം വെച്ച് 87 ലക്ഷം തട്ടി; ബാങ്ക് അപ്രൈസര്‍ അറസ്റ്റില്‍

കൊല്ലം തേവലക്കരയില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ ബാങ്ക് അപ്രൈസര്‍ അറസ്റ്റില്‍. തേവലക്കര സ്വദേശി അജിത്ത് വിജയനെയാണ് വാളയാറില്‍ നിന്ന് പിടികൂടിയത്. 87 ലക്ഷത്തോളം രൂപയാണ് ഇടപാടുകാരെ കബളിപ്പിച്ച് പ്രതി കൈക്കലാക്കിയത്.

ഇന്ത്യന്‍ ബാങ്കിന്റെ തേവലക്കര ശാഖയിലെ അപ്രൈസറായിരുന്നു അജിത്ത് വിജയന്‍. ഇടപാടുകാരുടെ ഒപ്പ് ഉപയോഗിച്ച് വ്യാജരേഖ തയാറാക്കിയാണ് തട്ടിപ്പ് നടത്തിയത്. കണക്കുകളില്‍ ക്രമക്കേട് കണ്ടെത്തിയതോടെ ബാങ്ക് മാനേജര്‍ തെക്കുംഭാഗം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.ഇടപാടുകാരെ ചോദ്യം ചെയ്‌തെങ്കിലും തട്ടിപ്പില്‍ ഇവര്‍ക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. ഇതോടെ തട്ടിപ്പിനിരയായവര്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധം തുടങ്ങി.
മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പ്രതി ബംളരുവില്‍ ഉണ്ടെന്ന് അന്വേഷണ സംഘത്തിന് മനസിലായി. പൊലീസ് ബംഗളൂരുവില്‍ എത്തിയപ്പോള്‍ അജിത്ത് വിജയന്‍ രാജസ്ഥാനിലേയ്്ക്ക് കടന്നു. പ്രതി വാളയാര്‍ ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് വരുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്നാണ് ചെക്ക് പോസ്റ്റിന് സമീപത്തു നിന്ന് പ്രതിയെ പിടികൂടിയത്.