തിരുവനന്തപുരത്ത്‌ വാഹന പരിശോധയ്ക്കിടെ പിടിയിലായ 28 വയസുകാരന്റെ കൈയിൽ 8 കിലോ കഞ്ചാവ്; ലക്ഷ്യമിട്ടത് സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ

നെയ്യാറ്റിൻകര: തിരുവനന്തപുരത്ത് എട്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പ്രാവച്ചമ്പലം സ്വദേശി റഹീമിനെയാണ് (28 ) നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് സംഘം പള്ളിച്ചലിൽ നിന്ന് ബുധനാഴ്ച രാവിലെ പിടികൂടിയത്. എക്സൈസ് റേഞ്ച് സംഘത്തിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് പള്ളിച്ചൽ നടത്തിയ വാഹന പരിശോധനയിലാണ് യുവാവിനെ എട്ട് കിലോഗ്രാം കഞ്ചാവുമായി കണ്ടെത്തിയത്. വിവിധ സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതി കൂടിയാണ് റഹീമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിപണിയിൽ തന്നെ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് ഇയാളിൽ കണ്ടെത്തിയത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് വിൽപന നടത്താനാണ് ഇയാൾ സംസ്ഥാനത്തിന് പുറത്തു നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടു വന്നതൊന്നും എക്സൈസ് റേഞ്ച് സംഘം പറഞ്ഞു.

പരിശോധനയിൽ നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്ത് ജെ.എസ്, അസിസ്റ്റൻറ് ഇൻസ്പെക്ടർ ഗ്രേഡ് സുനിൽ രാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, ലാൽ കൃഷ്ണ , പ്രസന്നൻ , മനുലാൽ, മുഹമ്മദ് അനീസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ജീന, ശ്രീജ എന്നിവർ പങ്കെടുത്തു.