വനിതാ ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തകർത്ത്‌ ഇന്ത്യ

ദുബായ്: വനിതാ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ദുബായ്, ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ 106 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ 18.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 35 പന്തില്‍ 32 റണ്‍സ് നേടിയ ഷെഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ജമീമ റോഡ്രിഗസ് (23), ഹര്‍മന്‍പ്രീത് കൗര്‍ (29 റിട്ടയേര്‍ ഹര്‍ട്ട്) എന്നിവര്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തു. മലയാളി താരം സജന സജീവനാണ് വിജയറണ്‍ നേടിയത്. നേരത്തെ, മൂന്ന് വിക്കറ്റ് വീഴ്ത്തിയ അരുന്ധതി റെഡ്ഡിയാണ് പാകിസ്ഥാനെ തകര്‍ത്തത്. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ ജയമാണിത്. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റിരുന്നു.മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. സ്മൃതി മന്ദാന (7) തുടക്കത്തില്‍ തന്നെ മടങ്ങി. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 18 റണ്‍സ് മാത്രം. പിന്നീട് ഷെഫാലി - ജമീമ സഖ്യം 43 റണ്‍സ് കൂട്ടിതേര്‍ത്തു. ഷെഫാലിയെ പുരത്താക്കി ഒമൈമ സൊഹൈല്‍ പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ ജമീമയും മടങ്ങി. തൊട്ടടുത്ത പന്തില്‍ റിച്ചാ ഘോഷും (0) പവലിയനില്‍ തിരിച്ചെത്തി. പിന്നീട് ദീപ്തി ശര്‍മയെ (പുറത്താവാതെ 7) കൂട്ടുപിടിച്ച് ഹര്‍മന്‍പ്രീത് വിജയത്തിനടുത്തെത്തിച്ചു. എന്നാല്‍ 19-ാം ഓവറില്‍ ഹര്‍മന് കഴുത്ത് വേദനയെ തുടര്‍ന്ന് മടങ്ങേണ്ടി വന്നു. പകരം ക്രീസിലെത്തിയ സജന നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ച് ഇന്ത്യക്ക് വിജയം സമ്മാനിച്ചു. പാകിസ്ഥാന് വേണ്ടി സന ഫാത്തിമ രണ്ട് വിക്കറ്റ് നേടി. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാനെ ഇന്ത്യന്‍ ബൗളര്‍മാര്‍ മെരുക്കുകയായിരുന്നു. എട്ട് വിക്കറ്റുകള്‍ പാകിസ്ഥാന് നഷ്ടമായി. അരുന്ധതി റെഡ്ഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശ്രേയങ്ക പാട്ടീലിന് രണ്ട് വിക്കറ്റുണ്ട്. 28 റണ്‍സെടുത്ത് നിദ ദര്‍ മാത്രമാണ് പാക് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. മോശം തുടക്കമായിരുന്നു പാകിസ്ഥാന്. ആദ്യ ഓവറില്‍ തന്നെ ഗുല്‍ ഫെറോസയെ (0) രേണുക സിംഗ് ബൗള്‍ഡാക്കി. സിദ്ര അമീന്‍ (8), ഒമൈമ സൊഹൈല്‍ (3) എന്നിവര്‍ക്ക് രണ്ടക്കം കാണാന്‍ പോലും സാധച്ചിരരുന്നില്ല. ഓപ്പണര്‍ മനീബ അലിയെ ശ്രേയങ്ക പുറത്താക്കി. ഇതോടെ നാലിന് 41 എന്ന നിലയിലായി പാകിസ്ഥാന്‍. ആലിയ റിയാസ് (4), ഫാത്തിമ സന (13), തുബ ഹസ്സന്‍ (0) എന്നിവര്‍ പൊരുതാന്‍ പോലുമാകാതെ കൂടാരം കയറി. ഇതോടെ ഏഴിന് 71 എന്ന നിലയിലേക്ക് വീണു പാകിസ്ഥാന്‍. പിന്നീട് നിദ - അറൂബ് ഷാ (14) എന്നിവര്‍ നടത്തിയ പൊരാട്ടമാണ് സ്‌കോര്‍ 100 കടത്തിയത്. ഇരുവരും 28 റണ്‍സ് കൂട്ടിചേര്‍ത്തു. നിദയെ അവസാന ഓവറില്‍ അരുന്ധതി ബൗള്‍ഡാക്കി. നഷ്‌റ സന്ധു (6), അറൂബിനൊപ്പം പുറത്താവാതെ നിന്നു.

ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പൂജ വസ്ത്രക്കര്‍ക്ക് പകരം സജന ടീമിലെത്തി. വനിതാ ടി20 ലോകകപ്പ് കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാണ് സജന. ഈ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ആദ്യ മത്സരം കളിച്ച ആശ ശോഭനയാണ് മറ്റൊരു താരം.