കന്നി കിരീടം കൊത്തിയെടുത്ത് കിവികൾ; വനിത ട്വന്റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്ക് കണ്ണീരോടെ മടക്കം

വനിത ട്വന്റി 20 ലോകകപ്പിൽ ന്യൂസിലാൻ‌ഡ് വനിതകൾ ചാംപ്യന്മാർ. ദക്ഷിണാഫ്രിക്കൻ വനിതകളെ 32 റൺസിന് പരാജയപ്പെടുത്തിയാണ് ന്യൂസിലാൻഡ് ലോകചാംപ്യന്മാരായത്. ജൂണിൽ പുരുഷ ട്വന്റി ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയോട് എയ്ഡാൻ മാക്രത്തിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കൻ ടീം പരാജയപ്പെട്ടിരുന്നു. നാല് മാസത്തിന് ശേഷം വനിത ട്വന്റി 20 ലോകകപ്പ് ഫൈനലിലും ദക്ഷിണാഫ്രിക്കൻ ടീം നിർഭാഗ്യത്തിന്റെ കാലി‍ൽ തട്ടി വീഴുകയാണ്.


മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ വനിതകൾ ഫീൽഡിങ് തിരഞ്ഞെടുത്തു. അമേലിയ കേർ 43, ബ്രൂക്ക് ഹാലിഡെയ് 38, സൂസി ബേറ്റ്സ് 32 എന്നിവരുടെ പ്രകടന മികവിലാണ് ന്യൂസിലാൻഡ് ഭേദപ്പെട്ട സ്കോറിലെത്തിയത്. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുക്കാൻ കിവീസ് വനിതകൾക്ക് കഴിഞ്ഞു.


മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയ്ക്കായി ക്യാപ്റ്റനും ഓപണറുമായ ലോറ വോള്‍വാര്‍ഡടിന്റെ പോരാട്ടം മാത്രമാണുണ്ടായത്. ആദ്യ വിക്കറ്റിൽ 17 റൺസെടുത്ത താസ്മിൻ ബ്രിട്സിന്റെ കൂടെ 51 റൺസ് കൂട്ടിച്ചേർക്കാൻ ലോറ വോള്‍വാര്‍ഡടിന് കഴിഞ്ഞു. എന്നാൽ പിന്നീട് വന്നവർക്കാർക്കും ഭേദപ്പെട്ട പ്രകടനങ്ങൾ നടത്താൻ കഴിഞ്ഞില്ല. ഇതോടെ 20 ഓവറിൽ ഒമ്പതിന് 126 എന്ന സ്കോറിലെത്താനെ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞുള്ളു. ന്യൂസിലാൻഡിനായി റോസ്മേരി മെയ്ർ, അമേലിയ കേർ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി