ആഡംബര ജീവിതത്തിനായി ബന്ധുകളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍ നിന്ന് സ്വർണം മോഷ്ടിച്ച ഇൻസ്റ്റഗ്രാം താരമായ യുവതി പിടിയില്‍
പതിനേഴ് പവൻ സ്വർണ്ണം കവർന്ന കൊല്ലം ചിതറയില്‍ ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്.
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ മുബീനയുടെ ഭർതൃ സഹോദരിയായ മുനീറയുടെ താലിമാല, വളകള്‍, കൈ ചെയിനുകള്‍, കമ്മലുകള്‍ തുടങ്ങിയവ മോഷണം പോയിരുന്നു. ഒക്ടോബർ 10നാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വർണം മോഷണം പോയ വിവരം മുനീറ അറിയുന്നത്. തുടർന്ന് വീട്ടിലെ സിസിടീവി പരിശോധന നടത്തിയതില്‍ മുബീന സെപ്റ്റംബർ 30ന് രാവിലെ മുനീറയുടെ വീട്ടിലെത്തി മടങ്ങി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. അതുവരെ ഈ വീട്ടില്‍ മറ്റാരും വന്നിട്ടുമില്ല. മോഷണത്തെ തുടർന്ന് മുനീറ ചിതറ പൊലീസില്‍ പരാതി നല്‍കി.
സമാനമായ മറ്റൊരു സ്വർണ്ണ മോഷണ പരാതി ജനുവരി മാസം ചിതറ സ്റ്റേഷനില്‍ മുബീനയുടെ സുഹൃത്തായ അമാനിയും നല്കിയിരുന്നു. ആ പരാതിയിലും മുബീനയെയാണ് സംശയം എന്ന് പറഞ്ഞിരുന്നു. അമാനിയുടെ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മുബീനക്കെതിരെ പുതിയ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ലഭിക്കുന്നത്. തുടർന്ന് മുബീനയെ കേന്ദ്രീകരിച്ച് ചിതറ പൊലീസ് അന്വേഷണം ആരംഭിച്ചു.
മുബീനയുടെ ഭർത്താവ് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. അടുത്തിടെയാണ് ഇയാള്‍ വിദേശത്തേക്ക് പോയത്. ആഡംബര ജീവിതം നയിച്ചിരുന്ന മുബീനയ്‌ക്ക്
അതിനുളള സാമ്ബത്തിക ശേഷി ഇല്ലെന്നു പൊലീസ് മനസിലാക്കി. ഇൻസ്റ്റഗ്രാം താരമായിരുന്ന മുബീന ഒന്നരലക്ഷം രൂപ വിലവരുന്ന ഫോണാണ് ഉപയോഗിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് മുബീനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
മോഷണം സമ്മതിക്കാൻ ആദ്യം മുബീന തയ്യാറായില്ല. തുടർന്ന് തെളിവുകള്‍ നിരത്തിയുള്ള ചോദ്യചെയ്യലില്‍ രണ്ട് മോഷണവും നടത്തിയത് താനാണെന്ന് സമ്മതിച്ചു.
ആഡംബര ജീവിതത്തിനായാണ് മോഷണം നടത്തിയതെന്നായിരുന്നു യുവതിയുടെ മൊഴി. മോഷ്ടിച്ച സ്വർണംവിറ്റ പണം കുറച്ച് സ്വർണാഭരണങ്ങളും പൊലീസ് മുബീനയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനകള്‍ക്ക് ശേഷം മുബീനയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. മുബീനയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം സ്വർണം വിറ്റ ജ്വല്ലറികളില്‍ പൊലീസ് തെളിവെടുപ്പ് നടത്തും.